KOYILANDY DIARY

The Perfect News Portal

ഗൃഹനാഥന്റെ കൊലപാതകം: ഭാര്യ അറസ്റ്റില്‍

ചാലക്കുടി: ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍. പരിയാരം കൊന്നക്കുഴി കുന്നുമ്മല്‍ ബാബുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മകന്‍ ബാലുവിന് പിന്നാലെ ഭാര്യ ഷാലി (35)യെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.

ബൈക്ക് മോഷണക്കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് അച്ഛന്‍ തന്റെ അടിയേറ്റാണു മരിച്ചതെന്നു ബാലു കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ അമ്മ ഷാലിയുടെ പങ്ക് കൂടി പുറത്താവുകയായിരുന്നു.

ബാലു അറസ്റ്റിലായതോടെ കാണാതായ ഷാലിയെ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നു ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങളായി ചാലക്കുടിയിലും പരിസരങ്ങളിലും നടന്ന ബൈക്ക് മോഷണങ്ങളെ സംബന്ധിച്ച അന്വേഷണത്തില്‍ ബാലു ഉള്‍പ്പെടെ നാല് യുവാക്കള്‍ കഴിഞ്ഞ മാസം പിടിയിലായതാണു കേസില്‍ വഴിത്തിരിവായത്.

Advertisements

അച്ഛന്‍ മരിച്ചത് മരത്തില്‍നിന്നു വീണതിനെ തുടര്‍ന്നാണെന്നാണ് നാട്ടിലും മറ്റും പ്രചരിപ്പിച്ചത്. അതിന് പിന്നില്‍ അമ്മയുടെ ബുദ്ധിയാണെന്ന് ബാലു പോലീസിന് മൊഴി നല്‍കിയിരുന്നു. ബാബുവിനെ മരക്കഷണം കൊണ്ട് ആദ്യം അടിച്ചത് ഷാലിയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഷാലിയെ കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

2018 ഓഗസ്റ്റില്‍ നാലു മക്കളെയും ഉപേക്ഷിച്ച്‌ ഷാലി മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. തുടര്‍ന്ന് മൂത്ത മകനായ ബാലുവിന്റെ സംരക്ഷണയിലായിരുന്ന സഹോദരന്മാരെ പോലീസ് ഇടപെട്ട് തൃശൂര്‍ ബാലഭവനിലേക്കു മാറ്റുകയായിരുന്നു. ഉറുമ്പന്‍കുന്നിലെ സൂരജ് എന്ന യുവാവിനൊപ്പമാണ് ഷാലി പോയതെന്നു കണ്ടെത്തിയ പോലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരും വീടു വിട്ടിരുന്നു.

പിന്നീട് ആളൂര്‍ ഭാഗത്തെ ഒരു വീട്ടില്‍ രണ്ടു പേര്‍ താമസിക്കുന്നതായി ഡിവൈഎസ്പിക്കു രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഡിവൈഎസ്പി സി ആര്‍ സന്തോഷ്, എസ് ഐ ബി കെ അരുണ്‍, എ എസ് ഐമാരായ ജിനുമോന്‍ തച്ചേത്ത്, ടി ബി സുനില്‍കുമാര്‍, റോയ് പൗലോസ്, പി എം മൂസ, സീനിയര്‍ സി പി ഒമാരായ വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ സി ആര്‍ രാജേഷ്, വനിതാ സീനിയര്‍ സി പി ഒ ഷീബ അശോകന്‍, സിപിഒ രൂപേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *