KOYILANDY DIARY

The Perfect News Portal

ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കാന്‍ കഴിയുന്ന ആതിഥേയരായിരിക്കണം ആശുപത്രി ജീവനക്കാർ: മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട്: ആശുപത്രിയിലെത്തുന്ന നടക്കാന്‍ സാധിക്കാത്ത, ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേണ്ടരീതിയില്‍ സ്വീകരിച്ച്‌ പരിചരിക്കാന്‍ കഴിയുന്ന ആതിഥേയരായിരിക്കണം ആശുപത്രി ജീവനക്കാരെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കല്‍കോളേജില്‍ പാരാമെഡിക്കല്‍ ഹോസ്റ്റലിന്റെയും നവീകരിച്ച ആശുപത്രി ഫാര്‍മസിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അത്യാഹിതവിഭാഗത്തില്‍ പ്രത്യേകിച്ചും വീല്‍ചെയര്‍, സ്ട്രെച്ചര്‍, അതുപോലെ അത് തള്ളാന്‍ ജീവനക്കാരും ഉണ്ടായിരിക്കണം. രോഗികളുടെ ബന്ധുക്കളെക്കൊണ്ട് ഇവ തള്ളിക്കുന്നത് ശരിയല്ല. ആയിരക്കണക്കിന് രോഗികള്‍ എത്തുന്നുണ്ടെങ്കിലും എല്ലാജീവനക്കാരും കൃത്യമായ ഡ്യൂട്ടി ചെയ്താല്‍ രോഗികള്‍ക്ക് അത് വലിയ ആശ്വാസമായിരിക്കും. ഡോക്ടര്‍മാരുമായും നഴ്സുമാരുമായും വഴക്കുണ്ടാക്കുന്നതും മര്‍ദിക്കുന്നതും അനുവദിക്കാന്‍ പറ്റില്ല. പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കുകയാണ് വേണ്ടത്.

ഒരു ഡോക്ടര്‍ക്ക് പലപ്പോഴും നൂറിലേറെപ്പേരെ പരിശോധിക്കേണ്ടിവരും. അകത്തുള്ളവര്‍ക്കും പരിരക്ഷ നല്‍കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നത് എളുപ്പമല്ലെന്ന് മന്ത്രി പറഞ്ഞു.

Advertisements

മാസ്റ്റര്‍പ്ലാനില്‍ നിലവിലുള്ള ആശുപത്രി സൗകര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതല്‍ ആവശ്യമായത് എങ്ങനെ നിര്‍മിച്ചെടുക്കാം എന്നാണ് പ്രധാനമായും ശ്രദ്ധിച്ചത്. അതുപ്രകാരം നല്ലൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അത് വളരെ വിപുലമായ ഒന്നാണ്. അത്രയും വലിയ തുക ഒരുമിച്ച്‌ സ്വരൂപിച്ചെടുക്കുകയെന്നത് പ്രയാസമുള്ളതാണ്. അതുകൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശം. ഒന്നാംഘട്ടമായി കിഫ്ബിയില്‍ നിന്നുള്ള 200 കോടി ഉടന്‍ ലഭ്യമാക്കും.

14 കോടി ചെലവില്‍ 240 പേര്‍ക്ക് താമസസൗകര്യമുള്ള ഹോസ്റ്റല്‍ നിര്‍മാണം നടക്കുകയാണ്. 20 കോടി രൂപ ചെലവില്‍ പരീക്ഷാഹാളിന്റെയും തിയേറ്റര്‍ കോംപ്ളക്സിന്റെയും പരിഷ്കരണം നടക്കുന്നു. ആധുനിക രീതിയിലുള്ള ലെവല്‍വണ്‍ ട്രോമാ കെയര്‍ യൂണിറ്റിന് 8.40 കോടി വകയിരുത്തിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയില്‍ ഒ.പി. നവീകരിക്കാന്‍ 7.5 കോടി ചെലവഴിച്ചുവെന്ന് മന്ത്രി പറഞ്ഞു.

എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, കൗണ്‍സിലര്‍ ഷെറീന വിജയന്‍, സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാര്‍, ഡോ. സി. ശ്രീകുമാര്‍, ഡോ. ടി.പി. രാജഗോപാല്‍, എം. നാരായണന്‍ മാസ്റ്റര്‍, കെ. ലോഹ്യ, സി.പി. ഹമീദ്, ഡോ. പ്രതാപ് സോംനാഥ് എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *