KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്ത് : മൃഗങ്ങളുടെ ശവം എടുത്തുറ്റാത്തതിന്‌ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു

ഭാവ്റ  മൃഗങ്ങളുടെ ശവം എടുത്തുമാറ്റില്ലെന്ന് തീരുമാനിച്ചതിന് ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്റയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  വ്യാഴാഴ്ചയാണ് സംഭവം നടന്നത്.  ബാലനെ മര്‍ദ്ദിച്ച രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്താംക്ലാസില്‍ പഠിക്കുന്ന ബാലനോട് രണ്ട്പേര്‍ വന്ന്  മൃഗങ്ങളുടെ ശവം എടുത്തുമാറ്റാത്തതെന്ന് ചോദിച്ചു. തങ്ങളുടെ സമുദായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ബാലന്‍ മറുപടി നല്‍കിയത്.  ഇതില്‍ പ്രകോപിതരായ അക്രമികള്‍ കുട്ടിയെ അടിക്കുകയും കല്ലുകള്‍ എറിയുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സഹീല്‍ ഠാക്കൂര്‍, സര്‍വര്‍ പത്താന്‍ എന്നിവരാണെന്നാണ് ബാലന്‍ പറയുന്നത്.

അതേസമയം സംഭവത്തെപറ്റി ഗ്രമത്തലവന്റെ അടുക്കല്‍ പരാതിയുമായി എത്തിയെങ്കിലും അവഗണിക്കപ്പെട്ടു എന്നും കുട്ടി പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ദളിത് സമൂഹം ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ മൃഗങ്ങളുടെ ശവം എടുത്തു മാറ്റുന്ന ജോലി ഉപേക്ഷിച്ചതെന്നും ഇത് തുടരുമെന്നും ബാലന്റെ പിതാവ് ദിനേഷ് പര്‍മര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ഇനിയും അക്രമങ്ങള്‍ക്ക് ഇരയായേക്കുമോ എന്ന ഭയവും ഇദ്ദേഹം പങ്കുവെക്കുന്നു.

ചത്ത പശുവിന്റെ തോലുരുഞ്ഞതിന് ഗോ സംരക്ഷകര്‍ ഗുജറാത്തിലെ ഊനയില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് തല്ലിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൃഗങ്ങളുടെ ശവം എടുത്തുമാറ്റുന്ന ജോലി ഉപേക്ഷിച്ച്‌ ദളിതുകള്‍ പ്രതിഷേധമാരംഭിച്ചത്. ഗോ സംരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്ത് വരികയും ചെയ്തിരുന്നു.

Advertisements
Share news