KOYILANDY DIARY

The Perfect News Portal

ഖത്തറിലെ പ്രതിസന്ധി രൂക്ഷമായതോടെ സഹായഹസ്തവുമായി ഇറാന്‍

തെഹ്റാന്‍ > ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ പ്രതിസന്ധി രൂക്ഷമായതോടെ സഹായഹസ്തവുമായി ഇറാന്‍. പച്ചക്കറികളും മറ്റും അടങ്ങുന്ന അഞ്ച് വിമാനങ്ങളാണ് ഇറാന്‍ ഖത്തറിലേക്കയച്ചത്. ഓരോന്നിലും 90 ടണ്‍ സാധനസാമഗ്രികളാണ് വിമാനത്തിലുള്ളത്. കൂടുതല്‍ വസ്തുക്കളുമായി ഒരു വിമാനംകൂടി ഇന്നയക്കുമെന്ന് ഇറാന്‍ വ്യോമയാന വക്താവ് ഷാരൂഖ് നൌഷാദബി അറിയിച്ചു.

ഖത്തറിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം തുടരാനാണ് ഇറാന്റെ തീരുമാനം. അവശ്യസാധനങ്ങളും പഴങ്ങളും പച്ചക്കറികളും നിറച്ച350 ടണ്‍വീതമുള്ള മൂന്നു കപ്പലുകളും ഇറാന്‍തീരം വിടാന്‍ കാത്തിരിക്കുകയാണ്. ഷിറാസ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനം പുറപ്പെട്ടതായി ഇറാന്‍ എയര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് പ്രധാന ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

സൌദി അറേബ്യ, ബഹ്റൈന്‍, യുഎഇ എന്നിവയും ഈജിപ്ത്, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധവും വ്യോമയാനബന്ധവുമടക്കമുള്ളവ വിച്ഛേദിച്ചിരിക്കുകയാണ്. 40 ശതമാനവും ഖത്തറിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ വരുന്ന സൌദി അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഇറാന്‍ തങ്ങളുടെ ആകാശമാര്‍ഗം പൂര്‍ണമായും ഖത്തറിനായി തുറന്നിട്ടു.

Advertisements

രാജ്യത്ത് തുടരുന്ന ഖത്തര്‍ പൌരന്മാരോട് വിട്ടുപോകാന്‍ സൌദിയും ബഹ്റൈനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഖത്തറിലുള്ള 11,000 പേരോളമുള്ള മറ്റു രാജ്യക്കാര്‍ക്കെതിരെ ഒരു പ്രതികാരനടപടിയും ഉണ്ടാകില്ലെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തറിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുന്നതിന് സൌദി, ബഹ്റൈന്‍, യുഎഇ എന്നിവ ഹെല്‍പ്ലൈന്‍ സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, സന്നദ്ധസംഘടനകള്‍ക്ക് നല്‍കുന്ന ധനസഹായമടക്കമുള്ളവ ഒരുതരത്തിലും ഭീകരവാദസംഘടനകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോപണം വാസ്തവവിരുദ്ധമാണെന്നും ഖത്തറിലെ ഉന്നതവക്താവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *