KOYILANDY DIARY

The Perfect News Portal

കർഷക കൂട്ടായ്മയ്ക്ക് സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്ത്

കൊയിലാണ്ടി: നഗരസഭയിലെ 25ാം ഡിവിഷനിൽ നാല് ഏക്കർ വരുന്ന കുറുവങ്ങാട് നരിക്കിനി താഴെ പാടത്ത്  നെൽകൃഷിയിറക്കാൻ കർഷക കൂട്ടായ്മയ്ക്ക് സഹായവുമായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ രംഗത്ത്. പാട ശേഖരത്തിൽ കള പറയ്ക്കൽ, ഞാറ് നടീൽ പ്രവൃത്തിയാണ് നടന്ന് വരുന്നത്. പി.ഗംഗാധരൻ കൺവീനറും ചാമരി ബാലൻ നായർ പ്രസിഡണ്ടും അണേല ബാലകൃഷ്ണൻ ട്രഷററുമായ കർഷക കൂട്ടായ്മ ഒരുക്കിയ കൃഷിയിടത്തിലാണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കൃഷിപ്പണി.

പഴയ തലമുറയിലെ കർഷക തൊഴിലാളികളായ മാധവിഅമ്മ, കല്യാണിഅമ്മ സരോജിനി തുടങ്ങി പരിചയ സമ്പന്നരായവർ മുതൽ പുതുതലമുറയിലെ അംഗങ്ങളും കാർഷിക പ്രവൃത്തിയിൽ സജീവമായി രംഗത്തുണ്ട്. പുതിയ തലമുറയ്ക്ക് കൃഷിപ്പണി പകർന്ന് നൽകുന്നതിലൂടെ അവരെ പരിചയസമ്പന്നരാക്കി കാർഷികവൃത്തിയുടെ തുടർച്ച നില നിർത്താനുള്ള ശ്രമം കൂടിയാണിത്. എല്ലാ തൊഴിലാളികൾക്കും കാർഷികവൃത്തിയുടെ മഹത്വവും അന്തസ്സും ഉൾകൊള്ളാൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കുമെന്നും കർഷക കൂട്ടായ്മ കൺവീനർ പി.ഗംഗാധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *