KOYILANDY DIARY.COM

The Perfect News Portal

ക്ഷേമ പെന്‍ഷനുകള്‍; സംസ്ഥാനസര്‍ക്കാര്‍ ആദ്യദിനം നല്‍കിയത് 1350 കോടി രൂപ

തിരുവനന്തപുരം :  സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഗുണഭോക്താവിന്  നേരിട്ടുനല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍  ആദ്യദിനം നല്‍കിയത് 1350 കോടി രൂപ. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് 700 കോടി രൂപ നല്‍കി. ബാങ്ക് അക്കൌണ്ട് വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കായി 650 കോടി രൂപയും കൈമാറി. ഉത്സവകാലം പ്രമാണിച്ച് സെപ്തംബറിലെ പെന്‍ഷന്‍ മുന്‍കൂറായി അനുവദിച്ചു. സംസ്ഥാനത്താകെ സഹകരണ ബാങ്കുകളും പ്രാഥമിക  സഹകരണസംഘങ്ങളും ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നേരിട്ട് എത്തിക്കാന്‍ തുടങ്ങി.

ജില്ലാ ബാങ്കുകളില്‍നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളിലെത്തുന്ന തുക കലക്ഷന്‍ ഏജന്റുമാരെയും താല്‍ക്കാലിക ജീവനക്കാരെയും ഉപയോഗിച്ച്  പെന്‍ഷന്‍കാരുടെ വീടുകളിലെത്തിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ ത്യശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗുണഭോക്താവിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കാണിച്ച് തുക കൈപ്പറ്റാം. മുമ്പ് തപാലിലൂടെ പെന്‍ഷന്‍ തുക അയച്ചപ്പോള്‍ നല്‍കുന്ന മണിഓര്‍ഡര്‍ കമീഷന് തുല്യമായ തുക സഹകരണ ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വയോധികര്‍, വിധവകള്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതര്‍, കര്‍ഷകത്തൊഴിലാളികള്‍, അംഗപരിമിതര്‍ തുടങ്ങി 32 ലക്ഷത്തിലധികം നിരാലംബര്‍ക്കും അവശര്‍ക്കുമാണ് മുടങ്ങിക്കിടന്ന പ്രതിമാസ പെന്‍ഷന്‍ കുടിശ്ശികയടക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തിക്കുന്നത്. 3100 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് ആവശ്യം. ഇതിന്റെ ആദ്യഗഡുവായി 20 ശതമാനം തുക (ഏകദേശം 620 കോടി രൂപ) ആദ്യദിനത്തില്‍ നല്‍കുമെന്നാണ്് ധനമന്ത്രി ടി എം തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചത്. ഇത് വിതരണംചെയ്യുന്ന മുറയ്ക്ക് ആവശ്യമായ തുക നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, തിങ്കളാഴ്ച ഇരട്ടി തുക നല്‍കി. ഇതിന്റെ ഭാഗമായി ആറ് കോര്‍പറേഷനുകളിലേക്കായി 47.26 കോടി രൂപയും 86 മുന്‍സിപ്പാലിറ്റികളിലേക്കായി 76.22 കോടി രൂപയും 941  പഞ്ചായത്തുകളിലേക്കായി 576.53 കോടി രൂപയുമാണ് നല്‍കിയത്.

Advertisements

ബാങ്ക് അക്കൌണ്ട് വഴി പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം പത്ത്ലക്ഷത്തോളം വരും. ഇവര്‍ക്കായി ആദ്യഗഡു 325 കോടി അനുവദിക്കുമെന്ന് അറിയിച്ചു. സെപ്തംബര്‍ അഞ്ചിനകം മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ എത്തിക്കാനാണ് ധനവകുപ്പ് തീരുമാനം. ജില്ലാ–ബ്ളോക്ക്–ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച സമിതികളാണ് പെന്‍ഷന്‍വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 14 ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായും വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 1600 പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി എ സി മൊയ്തീന്‍ നേരിട്ട് ആശയവിനിമയം നടത്തിയശേഷമാണ് പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്.

 

Share news