KOYILANDY DIARY.COM

The Perfect News Portal

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിഥുനമാസ പൂജയക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല

തിരുവനന്തപുരം: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിഥുന മാസ പൂജകള്‍ക്കായി ശബരിമലയില്‍ ഭക്തരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിയുടെ നിര്‍ദേശം മാനിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് ശബരിമല നട ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

ചടങ്ങ് മാത്രമായിട്ടായിരിക്കും ഉത്സവം നടത്തുക. ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മിഥുനമാസ പൂജയ്ക്ക് 14 ന് ശബരിമല നട തുറക്കുമ്ബോള്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തുന്നത് വിലക്കണമെന്നും 19 മുതല്‍ നടക്കേണ്ട ഉത്സവം മാറ്റിവെക്കണമെന്നുമായിരുന്നു തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.

ഇതേതുടര്‍ന്നാണ് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയത്. ഭക്തരെ വെര്‍ച്വല്‍ ക്യൂ ബൂക്കിങ് അനുസരിച്ച്‌ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനായിരുന്നു നേരത്തയുള്ള തീരുമാനം. അതേസമയം, ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങല്‍ തുറന്നുകൊടുക്കാത്തത് മനഃപൂര്‍വ്വമാണെന്നായിരുന്നു ബിജെപിയും കോണ്‍ഗ്രസും നിരന്തരം ആരോപിച്ചിരുന്നത്. ഈ സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയുള്ളതിനാലുമാണ് ക്ഷേത്രം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Advertisements

ക്ഷേത്രം തന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. തന്ത്രികുടുംബാംഗങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുമായും മറ്റും സംസാരിച്ചിരുന്നു. തുറക്കാനുള്ള തീരുമാനത്തെ എല്ലാവരും അനുകൂലിച്ചിരുന്നു. അതേസമയം തന്നെ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടി. ഇതിനിടയിലാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതും പുനരാലോചന നല്ലതല്ലേ എന്ന് തന്ത്രി ചോദിക്കുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ സാഹചര്യങ്ങള്‍ വീണ്ടും വിലയിരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

 

Share news

Leave a Reply

Your email address will not be published. Required fields are marked *