KOYILANDY DIARY.COM

The Perfect News Portal

കോവിഡ് പ്രതിരോധം: കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 100 ബഡ്ഡുകൾ അടിയന്തരമായി സജ്ജീകരിക്കും

കൊയിലാണ്ടി:  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 100 ബഡ്ഡുകൾ അടിയന്തരമായി സജ്ജമാക്കാൻ കെ.ദാസൻ എം.എൽ.എ വിളിച്ചു ചേർത്ത  അടിയന്തര യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ വാർഡുകളിൽ ചികിത്സയിലിരിക്കുന്ന രോഗികളെ പുതിയ കെട്ടിടത്തിലെ 4, 5 നിലകളിലേക്ക് മാറ്റും. പുതിയ കെട്ടിടത്തിൽ വാർഡുകൾ സജ്ജമാക്കുന്നതിന് മുന്നോടിയായിട്ടുള്ള ശുചീകരണവും, മറ്റ് ക്രമീകരണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. 
10 ദിവസത്തിനുള്ളിൽ രോഗികളെ ഷിഫ്റ്റ് ചെയ്യാനാണ് തീരുമാനം.  പഴയ കെട്ടിടത്തിലെ സ്ത്രീ, പുരുഷ വാർഡുകളാണ് കോവിഡ് പ്രതിരോധത്തിനായി 100 കിടക്കകളോടുകൂടി സജ്ജമാക്കാനൊരുങ്ങുന്നത്.  ഇതിലേക്ക് ആവശ്യമായ എല്ലാ  സാധനങ്ങളുടെയും പട്ടിക ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകി കഴിഞ്ഞു.  ഈ മാസം പകുതിയോടെ ആരംഭിക്കാമെന്ന്  കരുതിയ കാരുണ്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം കോവിഡ് കാരണം നീണ്ടു പോവുകയാണ്. ആയതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വേഗത്തിൽ തന്നെ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.
കോവിഡ് പ്രതിരോധത്തിലേക്കും മഴക്കാലത്ത് പടർന്ന് പിടിക്കാൻ സാധ്യതയുള്ള ഡെങ്കി പോലുള്ള പകർച്ച വ്യാധികൾ വരുന്നതിന് മുന്നാടിയായും മരുന്നുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താനും തീരുമാനിച്ചു.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം വരെ ഒ.പി. പ്രവർത്തിക്കുന്നത് ഉപയോഗപ്പെടുത്താനും താലൂക്ക് ആശുപത്രിയിലെ അനിയന്ത്രിത തിരക്ക് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ജില്ലാ ആരോഗ്യ വിഭാഗത്തിനോട് നിർദ്ദേശം നൽകി. 
കോവിഡിന്റെ പശ്ചാത്തലത്തിൽ അടിയന്തര ആവശ്യത്തിലേക്ക് ആശുപത്രി ഉപകരണങ്ങൾ വാങ്ങാൻ എം.എൽ.എ ഫണ്ട് അനുവദിക്കും.  യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ,  ലേ സെക്രട്ടറി ശ്രീജയൻ തുടങ്ങിയവർ പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *