KOYILANDY DIARY

The Perfect News Portal

കോവളം-ബേക്കൽ ജലപാത: പയ്യോളി തോടിൻ്റെ ആഴം കൂട്ടുന്ന പണി തുടങ്ങി

കൊയിലാണ്ടി: കോവളം – ബേക്കൽ ജലപാത: പയ്യോളി തോടിൻ്റെ ആഴം കൂട്ടുന്ന പണി തുടങ്ങി. കോവളം – ബേക്കൽ ജലപാതയുടെ ഭാഗമായി കുറ്റ്യാടി പുഴയെ അകലാപ്പുഴയുമായി ബന്ധിപ്പിക്കുന്ന പയ്യോളി തോടിൻ്റെ അരികുകൾ ബലപ്പെടുത്തി ആഴം കൂട്ടുന്ന പണി തുടങ്ങി. അകലാപ്പുഴ മുതൽ കുറ്റ്യാടി പുഴവരെ 980 മീറ്റർ നീളമുള്ള തോടാണിത്. അരികിടിഞ്ഞും കുറ്റിക്കാട് നിറഞ്ഞും നശിക്കുന്ന തോടിന് സംരക്ഷണമൊരുക്കുകയാണിപ്പോൾ. കുട്ടനാടൻ മാതൃകയിൽ പുഴയോരത്ത് രണ്ടുമീറ്റർ ഇടവിട്ട് തൂണുകളും അതിനിടയിൽ നാലിഞ്ച് കനമുള്ള കോൺക്രീറ്റ് സ്ലാബും താഴ്ത്തിയാണ് അരിക് ബലപ്പെടുത്തുന്നത്. ഇതിനായി എട്ടരമീറ്റർ നീളമുളള 1800 പില്ലറുകൾ എത്തിച്ചിട്ടുണ്ട്.

എറണാകുളത്തെ മിനാർ ടെക്ക് ഡെവലപ്പേഴ്‌സ് കമ്പനിയാണ് പണി കരാറെടുത്തത്. കോരപ്പുഴമുതൽ കനോലിക്കനാലിന്റെ തുടക്കം വരെയുള്ള ജലപാത പ്രവൃത്തിയും ഇതേ കമ്പനിയാണ് ഏറ്റെടുത്തത്. ഈ ഭാഗത്ത് അഞ്ചരക്കിലോമീറ്റർ ദൈർഘ്യത്തിലാണ് ജലപാത ഒരുക്കുക. ഇതിന് അഞ്ചുകോടി രൂപയും പയ്യോളിത്തോട് പുനരുദ്ധാരണത്തിന് ആറുകോടി രൂപയുമാണ് ഫണ്ട് അനുവദിച്ചത്. പയ്യോളിത്തോടിന് പലയിടത്തും 14 മീറ്റർ വീതിയേയുള്ളൂ. കുറ്റ്യാടിപ്പുഴയിലെ വെള്ളം അകലാപ്പുഴയിലേക്ക് പ്രവേശിക്കുന്നിടത്ത് പണിത പയ്യോളി ചീർപ്പ് മാറ്റി മിനി റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കും.

Leave a Reply

Your email address will not be published. Required fields are marked *