കോഴിക്കോട് സേവാ കേന്ദ്രത്തിന് തീയിട്ടനിലയില്‍

കോഴിക്കോട്: കാരപ്പറമ്ബ് നെല്ലികാവ് ക്ഷേത്രത്തിന് സമീപം വാടക ക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി. കൗണ്‍സിലര്‍ നവ്യ ഹരിദാസിന്റെ ഓഫീസായ സേവാ കേന്ദ്രത്തിന് തീയിട്ടനിലയില്‍. മുറിയില്‍ ഉണ്ടായിരുന്ന ടെലിവിഷന്‍, മേശ, ഓഫീസ് ബോര്‍ഡ്, വിവിധ ക്ഷേമപദ്ധതികളുടെ അപേക്ഷാ ഫോറങ്ങള്‍, നാട്ടുകാര്‍ പൂരിപ്പിച്ചു നല്കിയ അപേക്ഷകള്‍ എന്നിവ കത്തിനശിച്ചു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് സമീപം എ.കെ. സുകുമാരന്റെ ഉടമസ്ഥതയിലുള്ള മുറിയിലാണ് സേവാകേന്ദ്രം പ്രവര്‍ത്തിച്ചത്. ജൂലായ് 31-നാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ദ്രാവകം ഒഴിച്ച് കത്തിച്ചതാണെന്ന് സംശയിക്കുന്നു. പുലര്‍ച്ചെ ഇതുവഴി പോയ മണ്ഡലം കാര്യവാഹക് സായി ആണ് ഓഫീസ് ബോര്‍ഡ് നശിപ്പിച്ചനിലയിലും ഓഫീസിന് തീയിട്ട നിലയിലും കണ്ടത്.
പൊതുജനങ്ങളുടെ സൗകര്യത്തിനായി കൗണ്‍സിലര്‍ നവ്യ ഹരിദാസ് തുടങ്ങിയ സേവാകേന്ദ്രം തീയിട്ട സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ബി.ജെ.പി. ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി സി. രഘുനാഥ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

