KOYILANDY DIARY

The Perfect News Portal

കോഴിക്കോട് സിവില്‍ സ്റ്റേഷനിൽ ഇന്ന് മുതല്‍ ഗ്രീന്‍ പ്രോട്ടാക്കോള്‍ നടപ്പിലാക്കുന്നു

കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ന് മുതല്‍ ഹരിത മാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടാക്കോള്‍) നടപ്പിലാക്കുന്നു. ഓഫീസുകളും കാന്റീനും ചായക്കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹരിത ചട്ടങ്ങള്‍ പാലിക്കേണ്ടതും ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ അത് ഉറപ്പുവരുത്തേണ്ടതുമാണെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്ന് മുതല്‍ സിവില്‍സേ്റ്റഷന്‍ കോമ്പൗണ്ടില്‍ പ്ലാസ്റ്റിക്ക് കവറുകളും ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.  ജൈവ- അജൈവമാലിന്യങ്ങള്‍ അതത് ഓഫിസുകളില്‍ പ്രത്യേകം വേര്‍തിരിച്ച്‌ അതത് ഫ്ളോറുകളിലെ ബിന്നുകളില്‍ നിക്ഷേപിക്കണം. ഇവ അതത് ദിവസം തന്നെ മാലിന്യ സംസ്കരണ യൂണിറ്റിലേക്ക് മാറ്റുന്നുണ്ട് എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.

സിവില്‍സേ്റ്റഷന്‍ കോമ്പൗണ്ടില്‍ പൊതുപരിപാടികളിലും ഓഫീസ് ചടങ്ങുകളിലും ഡിസ്പോസ്ബിള്‍ അനുവദിയ്ക്കുന്നതല്ല. ഓഫീസ് മേലധികാരികള്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്. കോമ്പൗണ്ടില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ അനുവദിക്കില്ല. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും കാലാവധി കഴിഞ്ഞ ഇ- വേസ്റ്റ്, ഫര്‍ണിച്ചറുകള്‍ മറ്റു പാഴ്വസ്തുക്കള്‍ എന്നിവ യഥാവിധി ലേലം ചെയ്ത് ഒഴിവാക്കേണ്ടതുമാണ്.

Advertisements

ഓഫീസുകളിലെയും പൊതുവായുള്ളതുമായ ശുചിമുറികള്‍ സമയാസമയങ്ങളില്‍ വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ടെന്നും വൃത്തിയാക്കാനുള്ള സാധന സാമഗ്രികള്‍ യഥാസമയം ലഭ്യമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ശുചിമുറികളിലും ഡ്രെയ്നേജുകളിലും ആവശ്യമായ അറ്റകുറ്റ പണികള്‍ പി.ഡബ്ലിയു.ഡി (ബില്‍ഡിങ്സ്) വിഭാഗം സമയാസമയങ്ങളില്‍ നിര്‍വഹിക്കണം.

ഹരിത ചട്ടങ്ങള്‍ പാലിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് സമിതി ഓഫീസുകളില്‍ പരിശോധന നടത്തുന്നതും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.

ഹരിയതചട്ടങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് ഓഫീസില്‍ നിന്നും ഒരാള്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഓഫീസ് മേധാവി ഉത്തരവാക്കേണ്ടതാണ്.  ഇതിനോടനുബന്ധിച്ച എല്ലാ പരാതികളും ശുചിത്വ മിഷന്‍ ഓഫിസിലോ (ഫോണ്‍ നമ്പര്‍-2370677) കളക്ടറേറ്റിലെ സര്‍ജന്റിനെയോ (ഫോണ്‍ നമ്പര്‍ -2370518) അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *