KOYILANDY DIARY

The Perfect News Portal

കോഴിക്കോട് – മലപ്പുറം ജില്ലകളിലെ ബൈപ്പാസ് നിർമ്മാണം ടെണ്ടർ നടപടികൾ ആരംഭിച്ചു

കോഴിക്കോട് : ദേശീയപാത (എന്‍.എച്ച്‌- 66) 45 മീറ്ററില്‍ നാലുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ ടെന്‍ഡര്‍ നടപടി തുടങ്ങി. തലശ്ശേരി, കോഴിക്കോട് ബൈപ്പാസുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളാണ് തുടങ്ങിയത്. മറ്റിടങ്ങളില്‍ സര്‍വേ പുരോഗമിക്കുകയാണ്.
തലശ്ശേരി ബൈപ്പാസിനുള്ള ടെന്‍ഡര്‍ 10ന് ഓപ്പണായി. അഴിയൂര്‍ മുതല്‍ മുഴപ്പിലങ്ങാടുവരെ 18.6 കിലോമീറ്ററിലാണ് ഇവിടെ ബൈപ്പാസ് പണിയുക. ഇതിനുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള നഷ്ടപരിഹാരത്തുക ഉടന്‍ വിതരണംചെയ്യും.
കോഴിക്കോട് ബൈപ്പാസ് വീതികൂട്ടാനും ദേശീയപാതാ അതോറിറ്റി ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച്‌ 19വരെയാണ് സമര്‍പ്പിക്കാനുള്ള സമയം.

വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.7 കിലോമീറ്ററില്‍ നിലവിലെ ബൈപ്പാസ് ആറുവരിയാക്കും. സമാന്തരമായി രണ്ടുവരി സര്‍വീസ് റോഡും പണിയും.

നിലവിലെ പാത 45 മീറ്ററാക്കി വീതികൂട്ടാന്‍ ഭൂമി ഏറ്റെടുക്കുമ്ബോഴുള്ള നാശനഷ്ടം കുറയ്ക്കാനാണ് ബൈപ്പാസുകള്‍ നിര്‍മിക്കുന്നത്. കണ്ണൂര്‍ മുതല്‍ ഇടപ്പള്ളിവരെ 16 പുതിയ ബൈപ്പാസുകള്‍ പണിയും. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിലവിലെ പാതതന്നെ വീതികൂട്ടാനാണ് തീരുമാനം.
കണ്ണൂരില്‍ അഞ്ചും മലപ്പുറത്ത് നാലും തൃശ്ശൂരില്‍ ആറും ബൈപ്പാസുകളാണ് നിര്‍മിക്കുക. എറണാകുളം പറവൂരിലും ബൈപ്പാസ് വരും. ബൈപ്പാസ് വഴി ദേശീയപാത തിരിച്ചുവിടുമ്ബോള്‍ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങള്‍ അഞ്ചിലൊന്നായി കുറയുമെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *