KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കടപ്പുറം സുന്ദരമാക്കാന്‍ 140 കോടിയുടെ പദ്ധതി

കോഴിക്കോട് : എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോഴിക്കോട് കടപ്പുറത്തിന്റെ സൗന്ദര്യം പൂര്‍ണമായും സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ബൃഹത് പദ്ധതി വരുന്നു. 140 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. എ പ്രദീപ്കുമാര്‍ എംഎല്‍എ മുന്‍കൈയെടുത്ത് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ച പദ്ധതിക്ക്  അംഗീകാരം ലഭിച്ചു. കടപ്പുറത്തെ സമൂഹം, സംസ്കാരം, കായികം, യുവത്വം എന്നിങ്ങനെ നാലായി വിഭജിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. കലാസ്വാദകര്‍ക്കും സ്പോര്‍ട്സ് പ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട കേന്ദ്രമായി മാറുന്ന തരത്തിലാണ് സ്വപ്ന പദ്ധതി. തദ്ദേശവാസികളുടെ പുരോഗമനവും പരിസ്ഥിതിപ്രാധാന്യവും പരിഗണിക്കും.

മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. നിലവിലുള്ള ലൈറ്റ് ഹൗസ് മുതല്‍ കാമ്പുറം ബീച്ച് വരെ നവീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹായംകൂടി ലഭിച്ചാല്‍ പദ്ധതി വേഗത്തില്‍ യഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. കടപ്പുറത്ത് നിലവിലുള്ള ഓപ്പണ്‍ സ്റ്റേജിന്റെ സ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പണ്‍ സ്റ്റേജ് ഒരുക്കും.

സ്വാതന്ത്യ്രസമര പോരാട്ടവും സാമൂതിരിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും ചരിത്രവും സംസ്കാരവും എല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന കോഴിക്കോടിന്റെ കടല്‍ത്തീരം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി. സ്വാതന്ത്യ്ര സമരത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ കടപ്പുറത്ത് സ്മാരകം ഉയരും. കേരള കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ നടത്തുന്നതിന് സ്ഥിരം സംവിധാനമെന്ന നിലയില്‍ കള്‍ച്ചര്‍ പാര്‍ക്ക് സ്ഥാപിക്കും. ഇവിടെ ചിത്രം വരയ്ക്കുന്നതിനും പെയ്ന്റിങ് നടത്തുന്നതിനും സംഗീതോപകരണങ്ങള്‍ വായിക്കുന്നതിനും സൗകര്യമൊരുക്കും.

Advertisements

മണലില്‍ ശില്‍പ്പം നിര്‍മിക്കുന്നവര്‍ക്ക് അതിനായി പ്രത്യേക സ്ഥലം അനുവദിക്കും. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും ഉണ്ടാവും.  കാമ്പുറം കടപ്പുറം സ്പോര്‍ട്സ് പാര്‍ക്കായി മാറ്റും. ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് എന്നിവ പരിശീലിക്കാന്‍ സൌകര്യമൊരുക്കും. കടല്‍ത്തീരവുമായി ബന്ധപ്പെട്ട് സാഹസിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും സ്വീകരിക്കും. വെള്ളയില്‍ ഹാര്‍ബര്‍ നവീകരണം യാഥാര്‍ഥ്യമാക്കും. മത്സ്യം പിടിച്ച്  അവിടുന്നുതന്നെ പാചകംചെയ്ത് വില്‍പ്പന നടത്തുന്ന രീതിയും പരീക്ഷിക്കും. അത്തരത്തിലുള്ള ഭക്ഷണശാലകള്‍ പ്രോത്സാഹിപ്പിക്കും.

അന്തര്‍ദേശീയ കലാപരിപാടികളും സംഗീത പരിപാടികളും സംഘടിപ്പിക്കാന്‍ എടക്കല്‍ത്താഴം ബീച്ചില്‍ പ്രത്യേക കേന്ദ്രവും യാഥാര്‍ഥ്യമാക്കും. ലയണ്‍സ് പാര്‍ക്ക് പരിസരം മുതല്‍ വെള്ളയില്‍ ഹാര്‍ബര്‍വരെ സൈക്കിള്‍ സവാരിക്കായി പ്രത്യേക ട്രാക്ക് നിര്‍മിക്കും. കാല്‍നടയാത്രക്കാര്‍ക്കായി പാതയൊരുക്കാനും പദ്ധതിയുണ്ട്. ചരിത്രപ്രാധാന്യമുള്ള താമരക്കുളം, വരക്കല്‍ക്ഷേത്രം, ഭട്ട് റോഡ് ബീച്ച് എന്നിവയെ ബന്ധപ്പെടുത്തി ടൂറിസ്റ്റ് ഹബ്ബ് സാധ്യമാക്കും. ബീച്ചിലേക്കുള്ള ഭട്ട്റോഡ്, പണിക്കര്‍ റോഡ്, കസ്റ്റംസ് റോഡ്, ചെറൂട്ടിറോഡ്, പി ടി ഉഷ റോഡ് എന്നിവ വീതികൂട്ടി നവീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *