KOYILANDY DIARY

The Perfect News Portal

കോഴിക്കോടിനെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ നഗരമാക്കി മാറ്റും

കോഴിക്കോട്​: തുടര്‍ച്ചയായി അപകടമുണ്ടാവുന്ന കോഴിക്കോട്- മെഡിക്കല്‍ കോളെജ്​ റൂട്ടില്‍ പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുമുള്ള ട്രാഫിക്​ റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനത്തിന്​ കോഴിക്കോട് നഗരസഭ കൗണ്‍സില്‍ യോഗത്തിന്‍റെ അംഗീകാരം. തൊണ്ടയാട്​ പഞ്ചിങ്​ സ്​റ്റേഷന്‍ പണിയാന്‍ ആര്‍ടിഒയെ ചുമതലപ്പെടുത്താനും അവിടെ സിസിടിവി ക്യാമറ സ്ഥാപിക്കാനും യോഗം അനുമതി നല്‍കി.

മിഠായിത്തെരുവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സ്​ട്രീറ്റ്​ മാനേജറെ നിയമിക്കും. സ്​ട്രീറ്റ്​ മാനേജര്‍ക്കും പൊലീസ്​ ഉദ്യോഗസ്​ഥനും വേണ്ടി മിഠായിത്തെരുവ്​ എസ്​കെ പൊറ്റെക്കാട്ട്​ പ്രതിമക്ക്​ സമീപം ബൂത്ത്​ നിര്‍മ്മിക്കും. ഭിന്നശേഷിക്കാര്‍ക്ക്​ തെരുവില്‍ മുച്ചക്ര വാഹനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ സര്‍വീസ്​ നടത്തുന്ന ബഗീസില്‍ ഭിന്ന ശേഷിക്കാര്‍ക്ക്​ സൗജന്യ യാത്രയും അനുവദിക്കാനും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.

നഗരത്തില്‍ അനധികൃതമായി പാര്‍ക്ക്​ ചെയ്യുന്ന ലോറികള്‍ ക്ലാമ്ബിട്ട്​ പൂട്ടും. ലോറി പാര്‍ക്കിങ്ങ്​ പ്രശ്നം പരിഹരിക്കാന്‍ കോയ റോഡിലും മീഞ്ചന്ത ബസ്​സ്​റ്റാന്‍ഡ്​നിര്‍മിക്കാനുള്ള സ്​ഥലവും ഉപയോഗിക്കും. മീഞ്ചന്തയില്‍ ബസ്​സ്​റ്റാന്‍ഡ്​ നിര്‍മാണം തടസപ്പെടുമെന്നതിനാല്‍ അവിടത്തെ ലോറി പാര്‍ക്കിങ്ങ്​ നീക്കം ഒഴിവാക്കണമെന്ന ബിജെപി നേതാവ്​ നമ്ബിടി നാരായണന്‍റെ വിയോജിപ്പോടെയാണ്​ തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചത്​. അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാനും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും പൊലീസുമായി ചേര്‍ന്ന്​ സംയുക്​ത പരിശോധന നടത്തും.

Advertisements

കോഴിക്കോടിനെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ നഗരമാക്കി മാറ്റാനായി മൊ​ബൈല്‍ ഡാറ്റ കുറഞ്ഞ സ്​ഥലങ്ങളില്‍ 25 മീറ്റര്‍ വരെ ഉയരമുള്ള ഹൈമാസ്​റ്റ്​പോള്‍ സ്​ഥാപിക്കാന്‍ താത്​പര്യ പത്രം പുതിയ നിബന്ധനകളോടെ ക്ഷണിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സിറ്റി സാനിറ്റേഷന്‍ കരട്​ പ്ലാന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. മീഞ്ചന്ത മേല്‍പ്പാലത്തിന്​ താഴെ ഒഴിഞ്ഞ്​ കിടക്കുന്ന സ്​ഥലത്ത്​ പ്രദേശത്തെ വയോജനങ്ങള്‍ക്ക്​ കൂടി ഉപകാരിക്കപ്പെടും വിധം സൗഹൃദ സദനം പണിയാന്‍ അനുമതി വേണമെന്ന്​ യോഗം സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗം കെ. നജ്​മയുടെ പ്രമേയം ​കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കോഴിക്കോട് നഗരസഭയില്‍ വിവിധ പ്രവൃത്തികള്‍ നടത്തിയയിനത്തില്‍ 26 കോടിയുടെ 155 ബില്ലുകള്‍ ട്രഷറിയില്‍ നിന്ന്​ മടങ്ങിയതായി പൊറ്റങ്ങാടി കിഷന്‍ചന്ദ്​, കെ.ടി. ബീരാന്‍കോയ എന്നിവര്‍ ശ്രദ്ധക്ഷണിച്ചു. ഇടത്​ സര്‍ക്കാറല്ലായിരുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ ഭരണ പക്ഷം വന്‍ പ്രതിഷേധമുയര്‍ത്തിയേനെയെന്ന്​ പ്രതിപക്ഷം ആരോപിച്ചു. നവ്യഹരിദാസ്​, കെ.കെ. റഫീഖ്​, കെ.സി. ശോഭിത, എം. കുഞ്ഞാമുട്ടി എന്നിവരും വിവിധ വിഷയങ്ങളില്‍ ശ്രദ്ധ ക്ഷണിച്ചു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന പ്രതിപക്ഷ അംഗം സൗഫിയ അനീഷി​ന്‍റെ പ്രമേയവും യോഗം അംഗീകരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്​ എന്നിവരാണ് കൗണ്‍‌സില്‍ യോഗം നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *