KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം വളരെ സജീവമായി തന്നെ ഇക്കുറി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു: മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയില്‍ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുപത് സീറ്റുകളിലും മികച്ച രീതിയില്‍ യുഡിഎഫ്-കോണ്‍ഗ്രസ് സംവിധാനം പ്രവര്‍ത്തിച്ചെന്നും പ്രവര്‍ത്തകരുടെ സഹകരത്തെക്കുറിച്ച്‌ എവിടെ നിന്നും പരാതി ഉയര്‍ന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്…

Advertisements

കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം വളരെ സജീവമായി തന്നെ ഇക്കുറി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. 20 മണ്ഡലങ്ങളിലും പഴുതടച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ആയി. ന്യൂനപക്ഷ വോട്ടുകള്‍ ഇക്കുറി കൃത്യമായി യുഡിഎഫിലേക്കും കോണ്‍ഗ്രസിലേക്കും കേന്ദ്രീകരിച്ചു. പരമ്ബരാഗത വോട്ടുകളെല്ലാം യുഡിഎഫിന് ലഭിച്ചു. മുന്‍കാലങ്ങളില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും കിട്ടാതെ പോയ വോട്ടുകളും ഇക്കുറി ലഭിച്ചു. പരമ്ബരാഗതമായി യുഡിഎഫിന് കിട്ടാത്ത ചില വിഭാഗങ്ങളില്‍ നിന്ന് യുഡിഎഫിന് വോട്ടു മറിഞ്ഞു എന്നാണ് വിലയിരുത്തല്‍.

മോദി വഞ്ചിച്ചു എന്ന വികാരം ജനങ്ങളില്‍ ശക്തമായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു കണ്ടു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ യുഡിഎഫ് ക്യാംപില്‍ ആവേശം ഇരട്ടിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തെരഞ്ഞെടുപ്പിന് മുന്‍പായി താന്‍ നടത്തിയ ജനമഹായാത്രയില്‍ തന്നെ യുഡിഎഫ് അനുകൂല വികാരം ജനങ്ങളില്‍ നിന്നും മനസ്സിലായിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ 4-5 മണ്ഡലങ്ങളില്‍ യുഡിഎഫ് അനായാസ വിജയം സ്വന്തമാക്കും. ചില മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം നടന്നു എന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതടക്കം പല അനുകൂല ഘടങ്ങളും യുഡിഎഫിനൊപ്പമുണ്ട്.

കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനും സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിനുമെതിരെ ജനവികാരം ശക്തമായിരുന്നു. കോണ്ഗ്രെസ്സിനു എതിരായ ഒരു അടിയൊഴുക്കും ഒരു മണ്ഡലത്തിലും ഇത്തവണ ഉണ്ടായിട്ടില്ല .20 മണ്ഡലങ്ങളിലും ജയിക്കാന്‍ ആകുമെന്നാണ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഉയര്‍ന്ന വിലയിരുത്തല്‍.

വോട്ടര്‍പട്ടികയില്‍ നടന്ന തിരിമറികള്‍ക്കെതിരെ യുഡിഎഫ് പോരാട്ടം തുടരും. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാനുളള ഒരു നീക്കവും കോണ്‍ഗ്രസ് നേരിടും. വോട്ടര്‍ പട്ടികയില്‍ നിന്നു വോട്ടര്‍മാരെ വെട്ടിമാറ്റിയ സംഭവം പഠിക്കാന്‍ മുതിര്‍ന്ന നേതാവ് കെ സി ജോസഫ് കണ്‍വീനറായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട് ഡിസിസി അധ്യക്ഷന്‍ ഐസി ബാലകൃഷ്ണന്‍,എംഎല്‍എ സണ്ണി ജോസഫ്,എംഎല്‍എ എപി അനില്‍ കുമാര്‍, കെപി കുഞ്ഞിക്കണന്‍, പിഎ നാരായണന്‍,സുമ ബാലകൃഷ്ണന്‍ എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മലബാറിലാണ് വ്യാപകമായികള്ളവോട്ട് നടന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ നിന്നുള്ല നേതാക്കളെ കൂടുതലായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *