KOYILANDY DIARY

The Perfect News Portal

കോട്ടയം കടുത്തുരത്തിയില്‍ മദ്യപര്‍ ചേര്‍ന്ന് വന്‍പ്രകടനം നടത്തി

കോട്ടയം: മദ്യ വില്‍പനശാല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കടുത്തുരത്തിയില്‍ മദ്യപര്‍ ചേര്‍ന്ന് വന്‍പ്രകടനം നടത്തി. ആദിത്യപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബിവറേജസ് മദ്യവില്‍പനശാല സംരക്ഷിക്കുവാനായാണ് കുടിയന്‍മാര്‍ സംഘടിച്ചെത്തിയത്.

കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബിവറേജസ് മദ്യ വില്‍പനശാല സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമീപപ്രദേശമായ ആദിത്യപുരത്തേക്ക് മാറ്റാന്‍ ബിവറേജസ് അധികൃതര്‍ തീരുമാനിച്ചിരുന്നു. പുതിയ മദ്യവില്‍പനശാല ആരംഭിക്കുന്നതിനായി ആദിത്യപുരത്ത് കെട്ടിട്ടം കണ്ടെത്തുകയും ബില്‍ കൗണ്ടറുകളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.

എന്നാല്‍ മദ്യവില്‍പനശാല ആരംഭിക്കുന്ന വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തെ രാഷ്ട്രീയസംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും പ്രതിഷേധവുമായി എത്തി.

Advertisements
 ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്യവില്‍പനശാല ആദിത്യപുരത്ത് നിന്ന് മാറ്റിയേക്കും എന്ന അവസ്ഥ വന്നതോടെയാണ് പ്രദേശത്തെ കുടിയന്‍മാര്‍ സംഘടിച്ചെത്തിയത്.

മദ്യസേവാസമിതി എന്ന പേരില്‍ സംഘടിച്ചെത്തിയ കുടിയന്‍മാര്‍ ആദിത്യപുരത്ത് തന്നെ മദ്യവില്‍പനശാല വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രകടനം നടത്തിയത്. നാട്ടിലെവിടെയും കഞ്ചാവും വ്യാജമദ്യവും സുലഭമാണ് എന്നിരിക്കെ ഗുണനിലവാരമുള്ള മദ്യം ലഭിക്കാന്‍ നാട്ടില്‍ തന്നെ സര്‍ക്കാര്‍ മദ്യശാല വേണമെന്നായിരുന്നു മദ്യസേവാസമിതിയുടെ നിലപാട്.

ബിവറേജസിന് മുന്‍പിലേക്ക് മാര്‍ച്ച്‌ നടക്കുന്ന വിവരം അറിഞ്ഞ് കടുത്തുരുത്തി എസ്‌ഐയും രണ്ട് പോലീസുകാരും ആദ്യം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ മദ്യസേവാസമിതിയുടെ അംഗബലം കണ്ടതോടെ വൈക്കം, കുറുവിലങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ നിന്നും പ്രിന്‍സിപ്പള്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാര്‍ ആദിത്യപുരത്ത് എത്തി.

 

Leave a Reply

Your email address will not be published. Required fields are marked *