KOYILANDY DIARY

The Perfect News Portal

കൊവിഡ്‌ 19: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഉത്സവങ്ങള്‍ ഒഴിവാക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 12 പേര്‍ക്ക്‌ കൊവിഡ്‌ 19 സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ മാറ്റിയും സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കിയും കനത്ത ജാഗ്രതയാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിന്‌ ശേഷം വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ്‌ കനത്ത ജാഗ്രതയെന്നും അതില്‍ ഭീതിവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വിശദമായി പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. മാര്‍ച്ച്‌ അവസാനം വരെയുള്ള പൊതുപരിപാടികളാണ്‌ നിര്‍ത്തിവെച്ചിട്ടുള്ളത്‌. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. സിബിഎസ്‌ഇ,ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും ഇത്‌ ബാധകമാണ്‌. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ഭക്ഷണം നല്‍കും.

8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഉത്സവങ്ങളും പള്ളിപരിപാടികളും അടക്കം ജനം കൂടുന്ന ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കും. അവയെല്ലാം ചടങ്ങുകള്‍ മാത്രമായി ചുരുക്കണം. അങ്കണവാടികളും അടച്ചിടും.അങ്കണവാടി കുട്ടികള്‍ക്ക്‌ നല്‍കുന്ന ഭക്ഷണം വീടുകളില്‍ എത്തിക്കാര്‍ നടപടിയെടുക്കും. മദ്രസകളും. ട്യൂഷന്‍ സെന്‍ററുകളും അടച്ചിടണം. വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നത്‌ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

രോഗബാധിതരായ 12 പേരില്‍ മൂന്ന്‌പേര്‍ രോഗം പൂര്‍ണമായി മാറിയവരാണ്‌. 3 ഇറ്റലിയില്‍ നിന്നും എത്തിയവരാണ്‌.വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്ബിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *