KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം: വലിയവിളക്ക് ദിവസം പിടിയാന അണിയുന്നത് പുതിയ സ്വർണ്ണനെറ്റിപ്പട്ടം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ഉത്സവമായ വലിയ വിളക്ക് നാളെ.   വലിയ വിളക്ക് ദിവസവും. കളിയാട്ട നാളിലും അമ്മയുടെ തിരുനാന്ദകം എഴുന്നളിക്കുന്ന പിടിയാനക്ക് അണിയിക്കുന്ന സ്വർണ്ണ നെറ്റിപ്പട്ടം.ഇത്തവണ പുതിയത്. വർഷങ്ങൾ പഴക്കമുള്ള സ്വർണ്ണ നെറ്റിപ്പട്ടം മാറ്റിയാണ് പുതിയത് നിർമ്മിച്ചത്. കേരളത്തിലെ മറ്റ് മഹാക്ഷേത്രങ്ങളിലൊന്നും ഇത്തരത്തിൽ സ്വർണ്ണനെറ്റിപ്പട്ടം ഇല്ലെന്നാണ് പറയുന്നത്. ഇതിനു പിന്നിൽ ഒരു ഐതീഹ്യ കഥയുണ്ട്.
ടിപ്പു സുൽത്താൽ പോലും പിഷാരികാവിലമ്മയ്ക്ക്മുന്നിൽ തൊഴുത് മടങ്ങിയ ചരിത്രമാണുള്ളത്. ക്ഷേത്രത്തിലെ പ്രധാന നാന്ദകവാഹകയായിരുന്ന ‘കാളി ‘എന്ന പിടിയാന കുളികഴിഞ്ഞ് ക്ഷേത്രത്തിലേക്ക് മടങ്ങുന്നവഴി കാലിൽ എന്തോ തട്ടിയതായി ഭാവിച്ചു ഒരു സ്ഥലത്തുതന്നെ ഉടക്കിനിന്നു. സംശയം തോന്നിയ ക്ഷേത്രം അധികാരികൾ അവിടെ കുഴിച്ചുനോക്കിയപ്പോൾ സ്വർണ്ണകട്ടികൾ കിട്ടുകയും ഇത് എന്ത് ചെയ്യണം എന്ന് അറിയാതെ പരിഭ്രാന്തരായി നിന്നപ്പോൾ ക്ഷേത്രത്തിലെ പ്രധാന കോമരം ഉറഞ്ഞുതുള്ളി കൊണ്ട്  “ഈ സ്വർണ്ണം ഉപയോഗിച്ച് അമ്മയുടെ നാന്ദകവാഹകയായ പിടിയാനക്ക് നെറ്റിപ്പട്ടം പണിയിക്കണം എന്നും ‘നാന്ദകം എഴുന്നള്ളിക്കുമ്പോൾ ചാർത്തണം” എന്നും അരുളപ്പാടുണ്ടായി. അങ്ങിനെയാണ് സ്വർണ്ണ നെറ്റിപ്പട്ടത്തിന്റെ കഥ.
എട്ട് ദിവസം നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ പ്രധാന ഉൽസവമായ വലിയ വിളക്ക് ദിവസവും, കാളിയാട്ട ദിവസവുമാണ് സ്വർണ്ണ നെറ്റിപ്പട്ടം എഴുന്നള്ളിപ്പിന് പിടിയാനയെ അണിയിക്കുക. പുതിയ നെറ്റിപ്പട്ടം ആദ്യമായി അണിയാൻ ഗജറാണി കളിപ്പുരയിൽ ശ്രീലകത്ത് ശ്രീദേവിയ്ക്കാണ് ഭാഗ്യം സിദ്ധിച്ചിരിക്കുന്നത്. നാന്ദകം ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് ആനപ്പുറത്തേക്ക് കയറ്റുമ്പോൾ ഭക്തജനങ്ങൾ അമ്മേ ദേവീവിളികളാൽ മുഖരിതമാവും. ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾ കാണിക്കയർപ്പിച്ച 300 പവനോളം വരുന്ന സ്വർണ്ണം ഉപയോഗിച്ചാണ് നെറ്റിപ്പട്ടംപണി കഴിപ്പിച്ചത്.
പിഷാരികാവിൽ വലിയവിളക്ക് ആഘോഷം നാളെയാണ്. രാത്രി 11 മണിക്കാണ് പുറത്തെഴുന്നള്ളിപ്പ്. സ്വർണ്ണ നെറ്റിപ്പട്ടം അണിയിച്ച് കാവിലമ്മയുടെ നാന്ദകം എഴുന്നള്ളിപ്പ് കണ്ട് സായൂജ്യമടയാനുള്ള ഒരുക്കത്തിലാണ് ഭക്തജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *