കൊല്ലം ചിറ നവീകരണത്തിന് 3.28 കോടിയുടെ ബൃഹത് പദ്ധതി യാഥാർത്ഥ്യമാകുന്നു

കൊയിലാണ്ടി: കൊല്ലം ചിറ നവീകരണത്തിന് 3.28 കോടിയുടെ ബൃഹത് പദ്ധതി യാഥാർത്ഥ്യമാകുന്നു.
ചിരപുരാതനമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം വകയുള്ള കൊല്ലം ചിറ കൊയിലാണ്ടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഏറ്റവും പ്രധാന ജലസ്രോതസ്സാണ്. കൃഷി വകുപ്പിന്റെ കീഴിൽ സഹസ്ര സരോവരം പദ്ധതിയിൽ നബാർഡ് ട്രാഞ്ച് 21ൽ പെടുത്തി 3.28 കോടി രൂപ ചെലവിൽ കൊല്ലം ചിറയുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി ബൃഹത്ത് പദ്ധതി ആവിഷ്കരിച്ച് അതിന്റെ നടപടികൾ പൂർത്തിയായി. കഴിഞ്ഞ ദിവസം പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. പദ്ധതിയുടെ പ്രവർത്തനം ഉടനെ ആരംഭിക്കുന്നതിനായി നടപടികൾ നീങ്ങുന്നതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു.
കേരള ലാന്റ് ഡെവലപ്പമെന്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതിയുടെ നിർവഹണം. പദ്ധതിയുടെ ഈ-ടെൻണ്ടർ നടപടികൾ തൃശ്ശൂരിലുള്ള കെ.എൽ.ഡി.സി. ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. നടപടികൾ ത്വരിതപ്പെടുത്തി ടെൻണ്ടർ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ കെ.എൽ.ഡി.സി അധികൃതർക്ക് എം.എൽ.എ നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം തന്നെ ടെൻണ്ടർ നടപടികൾ പൂർത്തിയാവുമെന്ന് കെ.എൽ.ഡി.സി അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി വരുന്നതോടെ വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന കൊല്ലം ചിറയുടെ നവീകരണവും സംരക്ഷണവും യാഥാർത്ഥ്യമാവുകയാണ്.
ഇതേ മാതൃകയിൽ കൊയിലാണ്ടി മണ്ഡലത്തിലെ ജല സ്രോതസായി നിലനിൽക്കുന്ന എല്ലാ കുളങ്ങളും ജലസംഭരണികളും സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും സർക്കാറിന്റെ ഹരിത കേരളം പദ്ധതിയിൽ ജല സ്രോതസുകളുടെ സംരക്ഷണത്തിന് വൻപദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലേയ്ക്ക് പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ. വാർത്താകുറിപ്പിൽ
വ്യക്തമാക്കി.
