കൊല്ലം ചിറക്ക് 99ലക്ഷം രൂപ അനുവദിച്ചു: കെ. ദാസൻ എം.എൽ.എ.

കൊയിലാണ്ടി. കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. എറിയിച്ചു. പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ളതും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയുമായ കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികൾക്കായാണ് കെ.ദാസൻ എം.എൽ.എയുടെ 2019 -20 വർഷത്തെ ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിച്ചത്. നേരെത്തെ സംസ്ഥാന കൃഷിവകുപ്പ് നബാർഡിന്റെ സഹായത്തോടെ 3.25 കോടി രൂപ ചെലവഴിച്ച് ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയിരുന്നു.
ചിറ മലിനപ്പെടുത്താതെ ജനങ്ങൾക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യാനും ചിറയുടെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുമാണ് തുടർ നിർമ്മാണ പ്രവൃത്തികൾക്ക് രൂപം നൽകിയിരിക്കുന്നത്. തേപ്പ് അടക്കമുള്ള പണികൾ ബാക്കിയുള്ള ചുറ്റു മതിലിൽ അത് പൂർത്തീകരിക്കുകയും കമ്പികൾ ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്യുക, ചുറ്റുമായി അലങ്കാര ദീപങ്ങൾ ഘടിപ്പിക്കുക, പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും ഉതകുന്ന തരത്തിൽ ചിറക്ക് ചുറ്റും ടൈൽ പതിച്ച് മനോഹരമാക്കുക, ചിറയിലേക്കിറങ്ങാനുള്ള പടവുകളിൽ ടൈൽ പതിക്കുക. ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, ചുറ്റുമുള്ളതിൽ കൂടുതൽ വീതി ലഭ്യമായ സ്ഥലത്ത് വ്യായാമത്തിനായി ഓപ്പൺ ജിംനേഷ്യം ഉപകരണങ്ങൾ സ്ഥാപിക്കുക. തുടങ്ങി ശ്രദ്ധയാകർഷിക്കുന്ന നിരവധി പ്രവൃത്തികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടോയ്ലറ്റ് സൗകര്യവും പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്താനും പദ്ധതിയുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് ഈ തുടർ പ്രവൃത്തികൾ പൂർത്തീകരിക്കുക. പ്ലാനും എസ്റ്റിമേറ്റും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് തയ്യാറാക്കുന്നത്. ഭരണാനുമതി ലഭ്യമായിക്കഴിഞ്ഞാലുടൻ മഴക്ക് ശേഷം പ്രവൃത്തികൾ ആരംഭിക്കാമെന്നാണ് കരുതുന്നത്. നവീകരണ പദ്ധതികൾ പൂർത്തിയാകുന്നതോടെ ചിറ ജന ശ്രദ്ധയാകർഷിക്കുന്ന വിശ്രമ വിനോദ കേന്ദ്രമായി മാറുമെന്നാണ് കരുതുന്നത്. ഇപ്പോൾ തന്നെ വൈകുന്നേരങ്ങളിൽ ധാരാളം പേർ സമയം ചെലവഴിക്കാനായി ഇവിടേക്ക് എത്തുന്നുണ്ട്.
Attachments area
