KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു വാദ്യസംഘത്തിലെ ബാലിക-ബാലന്മാരുടെ അരങ്ങേറ്റം

കൊയിലാണ്ടി: അസുര വാദ്യത്തിൽ അസുലഭ താളം തീർത്ത് ആസ്വാദക മനസ്സുകളിൽ മേളപ്പെരുമയുടെ പൂരം പെയ്തിറങ്ങി. ചിട്ട തെറ്റാതെ താളവിന്യാസം പിഴക്കാതെ കാലഭേദങ്ങളറിഞ്ഞ് ചെമ്പട മുതൽ രൂപകം വരെ അവർ നാല്പത് പേർ കൊട്ടിക്കയറി. കൊമ്പ്, കുറുങ്കുഴൽ, ഇലത്താളം എന്നീ അകമ്പടി വാദ്യവൃന്ദങ്ങളുടെ അനവദ്യ രാഗ-താള-ലയ സംഗമത്തിലൂടെ മേളകലയിലെ പഞ്ചാരിമേളത്തിന്റെ ദൃശ്യ-ശ്രാവ്യ സൗന്ദര്യം തിമർത്തു പെയ്തപ്പോൾ ക്ഷേത്രാങ്കണത്തിൽ കാതോർത്തിരുന്ന ഭക്തമനസ്സുകൾ ആവോളം കുളിരണിഞ്ഞു.

വാദ്യവാദന കലാരംഗത്ത് വേറിട്ട വഴികൾ തീർത്ത് വിസ്മയമാവുന്ന കൊയിലാണ്ടി കൊരയങ്ങാട് തെരു വാദ്യസംഘത്തിലെ ബാലിക-ബാലന്മാരുൾപ്പെടെയുള്ള നാല്പതോളം കലാകാരന്മാരുടെ ചെണ്ടവാദ്യ അരങ്ങേറ്റമായിരുന്നു വേദി. കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ ഗുരുതി മഹോത്സവത്തോടനുബന്ധിച്ചാണ് ആറ് ബാലികമാരടങ്ങുന്ന സംഘം, വാദ്യ വിദ്വാൻ കാഞ്ഞിലശ്ശേരി പത്മനാഭന്റെ പ്രമാണത്തിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി വാദ്യക്കാർ കന്നി അരങ്ങേറ്റത്തിന് സാന്നിധ്യമേകി.

ഏറെ കാലമായി കളിപ്പുരയിൽ രവീന്ദ്രന്റെ ശിക്ഷണത്തിലാണ് കൊരയങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാർ വാദ്യപരിശീലനം തുടരുന്നത്. ക്ഷേത്രാങ്കണങ്ങൾ, അക്കാദമികവേദികൾ, എന്നിവക്ക് പുറമെ സംസ്ഥാനത്തിനകത്തും പുറത്തും,വിദേശ രാജ്യങ്ങളിലുമുള്ള നിരവധി വേദികളിലും താള വിസ്മയം തീർത്ത ഒട്ടേറെ കൊച്ചു വാദ്യകലാ പ്രതിഭകൾ ഈ കൂട്ടായ്മയുടെ വാഗ്ദാനങ്ങളാണ്. കഴിഞ്ഞ പതിനെട്ട് വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.സ്കൂളിന് വേണ്ടി കിരീടമണിഞ്ഞവരാണ് സംഘത്തിലെ വിദ്യാർത്ഥികൾ.

Advertisements

കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ ചെണ്ടവദ്യ പരിശീലനം പൂർത്തിയാക്കിയ അഞ്ചാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം അരേങ്ങറ്റം കുറിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നെയ്ത്ത്ഗ്രാമം എന്നറിയപ്പെട്ട കൊരയങ്ങാട് പ്രദേശം, വാദ്യസംഘത്തിന്റെ രംഗപ്രവേശത്തോടെ ഇന്ന് മേളഗ്രാമം എന്ന വിശേഷണത്തിന് കാതോർക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *