KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബർ സപ്തംബർ 24ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കൊയിലാണ്ടി. വൻ വികസന കുതിപ്പിന് സാധ്യതയുള്ള  കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്നമായ ഫിഷിംഗ് ഹാർബർ സപ്തംബർ 24ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വൈകീട്ട് 3 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് കെ. ദാസൻ എം.എൽ.എ. വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  2000ൽ നായനാർ മന്ത്രിയഭയുടെ കാലത്ത് 10 ലക്ഷം രൂപ ടോക്കൻ തുക അനുവദിച്ചതോടുകൂടിയാണ്. ഹാർബറൻ്റെ നിർമ്മാണത്തിന് ചിറക് വെച്ചത്. 63.99 കോടി രൂപയുടെ പദ്ധതിയാണ് ഇതോടെ പൂർത്തിയാകുന്നത്.  ഉദ്ഘാടനം ഒരു ജനകീയ ഉത്സവമാക്കിമാറ്റുമെന്നും പരിപാടിയുടെ വിപുലമായ സംഘാടകസമിതി സെപ്റ്റംബർ 12ന് വിളിച്ചുചേർക്കുമെന്നും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു.

വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായരിക്കുമ്പോഴാണ്  അന്നത്തെ എസ്റ്റിമേറ്റ് തുകയായ 35.45 കോടി രൂപയുടെ ഭരണാനുമതിയോടുകൂടി 2006 ഡിസംബർ 17ന് വി.എസ്. തറക്കല്ലിടുന്നത്.  പുലിമുട്ടുകളുടെ നീളത്തിൽ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് ഇത്. വടക്കെ പുലിമുട്ടിന് 1600 മീറ്റർ നീളവും തെക്ക് ഭഗത്ത് 915 മീറ്റർ നീളവും ഉണ്ട്.  

ഹാർബർ കമ്മീഷൻ ചെയ്യുന്നതോടെ കൊയിലാണ്ടിയിൽ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകാൻ പോകുന്നത്. പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികൾക്ക് നേരിട്ടും, അനുബന്ധ തൊഴിലാളികൾക്കും ആശ്രയമായി ഹാർബാർ മാറാൻ പോകുകയാണ്. പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടുകൂടി മത്സ്യ വ്യാപാരം, കയറ്റുമതി, സംഭരണം, സംസ്‌ക്കരണം എന്നീ മേഖലകളിൽ പുത്തനുണർവ്വും അതുവഴി കൊയിലാണ്ടി നഗരത്തിൻ്റെ സമഗ്ര പുരോഗതിയും സാമ്പത്തിക ഉന്നതിയും സാധ്യമാകുമെന്നതുമാണ് ഏറെ സന്തോഷിപ്പിക്കുന്നത്.

Advertisements

ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശർമ്മയും പി. വിശ്വൻ മാസ്റ്റർ കൊയിലാണ്ടി എം.എൽ.എ.യുമായിരുന്ന സമയത്താണ് ഹാർബറിൻ്റെ തറക്കല്ലിടൽ നടന്നത്. ആ കാലയളവിൽ പുലിമുട്ട്, വാർഫ്  തുടങ്ങിയവയുടെ പ്രവൃത്തികൾ ഏറെ മുന്നോട്ട്പോയി. തുടർന്നാണ് എസ്റ്റിമേറ്റ് തുക പുതുക്കി 63.99 കോടിയുടെ ഭരണാനുമതിക്കായി കേന്ദ്രത്തിനെ സമീപിച്ചത്.  2014ൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഭരണാനുമതി വാങ്ങി അതെ വർഷം ജൂണിൽ വാർഫിൻ്റെയും പ്രധാന ലേലപ്പുരയുടെയും പ്രവൃത്തികളും, കിണറും വാട്ടർടാങ്കും പൂർത്തിയായി.

പുതുക്കിയ ഭരണാനുമതി പ്രകാരം 2015 മാർച്ച് മാസത്തോടുകൂടി പ്രവൃത്തി അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വാർഫിൽ മണൽ നിറക്കുന്നതടക്കമുള്ള പ്രവൃത്തിയുടെ വലിയൊരു ഭാഗം ഒരോഘട്ടത്തിലും ഉയർന്നുവന്ന ആശങ്കകൾ കാരണം തടസ്സപ്പെടുകയുണ്ടായി. എന്നാൽ 2016ൽ പിണറായി സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ്അനുസരിച്ച് പ്രവൃത്തിയുടെ സിംഹഭാഗവും വേഗത്തിൽ തീർക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. 

കഴിഞ്ഞ 10 വർഷമായി കെ. ദാസൻ എം.എൽ.എ.യുടെയും ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെയും കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ്റെയും നിരന്തര പരിശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതി കമ്മീഷൻ ചെയ്യുന്നതിലേക്ക് എത്തിയത്.  ഇതിനിടെ മത്സ്യതൊഴിലാളികളുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി എം.എൽ.എ.യും, ചെയർമാനും മൻകൈ എടുത്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി യോഗങ്ങളും വിളിച്ചു ചേർത്തു.  

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം വടക്കെ പുലിമുട്ടിൻ്റെ നീളത്തിന് 85 മീറ്റർ നീളം കൂട്ടുന്നതിന് 4.54 കോടി, റിക്ലമേഷൻ പ്രവൃത്തി 161 ലക്ഷം, അപ്രോച്ച് ചാനൽ ഡ്രഡ്ജിംഗ് 80 ലക്ഷം, റോഡിനും പാർക്കിംഗ് ഏരിയക്കും 170.55 ലക്ഷം, ബീച്ച് ലാൻ്റിംഗ് സൌകര്യത്തിന്  9.25 ലക്ഷം, ശൌചാലയത്തിന് 31 ലക്ഷം, ഡ്രൈനേജ് 59 ലക്ഷം, ലേലപ്പുര നിർമ്മാണം 70 ലക്ഷം, ചുറ്റു മതിൽ ഫേസ് 48 ലക്ഷം, കാൻറീനും-പ്രൊവിഷൻ സ്റ്റോറിന് 56 ലക്ഷം, ഗേറ്റും, ഗേറ്റ് ഹൌസും നിർമ്മാണം 12 ലക്ഷം  എന്നിങ്ങനെയാണ് ഫണ്ട് ചിലവാക്കിയത്.

വൈദ്യുതീകരണം, ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട പ്രവൃത്തികളും പൂർത്തിയായി. മൂന്നാമത്തെ ലേലപ്പുരയുടെ അവസനവട്ട പ്രവൃത്തി ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചാനൽ ഡ്രട്ജിംഗ് പ്രവൃത്തി ഇപ്പോൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മഴയുടെ ശക്തി കുറഞ്ഞാാൽ അത് പുനരാരംഭിക്കും. ഹാർബറിന്റെ ഉദ്ഘാടനത്തിനുശേഷം തെക്ക് ഭാഗത്തുകൂടി പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ട പ്രവൃത്തി നടത്തും. ഹാർബറിന്റെ തെക്ക് ഭാഗത്ത് മത്സ്യഫെഡിൻ്റെ കീഴിൽ 32 സെൻ്റ് സ്ഥലത്ത് ഡീസൽ ബംഗ് നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം നീക്കിവെച്ചിട്ടുണ്ട്. അതിൻ്റെ പ്രവൃത്തി പെട്ടന്ന് പൂർത്തീകരിക്കുമെന്ന് മത്സ്യഫെഡ് അറിയിച്ചിട്ടുണ്ട്.

ഹാർബറിൽ നിർമ്മിച്ച കടമുറികളിൽ ഒന്നിൽ തീര മാവേലി സ്റ്റോർ ആരംഭിക്കാൻ സാഫിന് കൈമാറും. മറ്റുള്ള കടകൾ ഉടൻ ലേലത്തിന് നൽകും. പഴയ ഫിഷ്‌ലാൻ്റിംഗ് ഭാഗം ഭിത്തികെട്ടി അടച്ച് കലുങ്ക് നിർമ്മിച്ചശേഷം തോടിന് മുകളിലൂടെ റോഡ് നിർമ്മിക്കും. ഉദ്ഘാടനത്തിന് മുമ്പായി ഈ പ്രവൃത്തി പൂർത്തീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കെ. ദാസൻ എം.എൽ.എ.ക്ക് പുറമെ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, കൗൺസിലർമാരായ വി. പി. ഇബ്രാഹിംകുട്ടി, കെ. വി. സുരേഷ്, കെ. വി. സന്തോഷ് എന്നിവരും ഹാർബർ സൂപ്രണ്ടിംഗ് എഞ്ചിനീയർ ജോമോൻ കെ. ജോർജ്ജ്, എക്‌സിക്യുട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഹൻസാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ. മുജീബ് എന്നിവർ പങ്കെടുത്തു.

കൊച്ചിയിലെ റോഡുകള്‍ രണ്ടാഴ്ചക്കകം നന്നാക്കണം; വൈകിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നിയമ നടപടി: കലക്‌ടര്‍

കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

 

Share news

Leave a Reply

Your email address will not be published. Required fields are marked *