കൊച്ചിയിലെ റോഡുകള്‍ രണ്ടാഴ്ചക്കകം നന്നാക്കണം; വൈകിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നിയമ നടപടി: കലക്‌ടര്‍

കൊച്ചി: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശം. റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു.
കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഈ റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, എന്‍എച്ച്, കൊച്ചി കോര്‍പ്പറേഷന്‍, എന്‍എച്ച് 66, എന്‍എച്ച് 85, കൊച്ചി മെട്രോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ്, എന്‍എച്ച്‌എഐ എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, എന്‍എച്ച്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി മെട്രോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, എന്‍എച്ച്‌എഐ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

