കൊയിലാണ്ടി ഹാര്‍ബറിലും തീരപ്രദേശങ്ങളിലും തീരദേശ സുരക്ഷ പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: ഹാര്‍ബറിലും തീരപ്രദേശങ്ങളിലും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള തീരദേശ സുരക്ഷ (സേഫ് സീഷോര്‍) പദ്ധതിക്ക് തുടക്കമായി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിൻ്റെ നേതൃത്വത്തില്‍ നഗരസഭയുമായി ചേര്‍ന്ന് പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള സമഗ്രപദ്ധതി നടപ്പാക്കും. രണ്ടുമാസമായി ഡി.വി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ കടലോരത്ത് നിരീക്ഷണം നടത്തിയപ്പോള്‍ ഡെങ്കിപ്പനി, മലമ്പനി, മന്തുരോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ സാന്ദ്രതകൂടിയ അളവില്‍ കണ്ടെത്തിയിരുന്നു.
ഇത് നിയന്ത്രിക്കുന്നതിനായി രാത്രികാല രക്ത പരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഗവ. ഫിഷറീസ് യു.പി. സ്കൂളില്‍ നടന്ന ക്യാമ്ബിണൻ്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി.വി. റഹ്മത്ത് അധ്യക്ഷത വഹിച്ചു. സീനിയര്‍ ബയോളജിസ്റ്റ് എം.കെ. രവീന്ദ്രനാഥ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സി.എം വിനോദ്, ടി. റഫീക് അലി, കെ. പ്രകാശന്‍, കെ.കെ. സതീശന്‍, ടി. ജൈജേഷ്, കെ. സന്തോഷ് കുമാര്‍, കെ.ടി.കെ. സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

200 ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തു. മറുനാടന്‍ തൊഴിലാളി ക്യാമ്പുകളില്‍ രാസവസ്തു തളിച്ച കൊതുകു വലകള്‍ നല്‍കാനും തീരദേശ കിണറുകള്‍ കൊതുകുവല കെട്ടി സംരക്ഷിക്കാനും നടപടി തുടങ്ങി. നഗരസഭാ ശുചീകരണത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓടകളില്‍ മരുന്നുതളി തുടങ്ങി.

