കൊയിലാണ്ടി മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കും കെ. ദാസൻ എം.എൽ.എ

കൊയിലാണ്ടി: നഗരമധ്യത്തിൽ ജീർണ്ണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ പ്ലാൻ ഫണ്ട് ലഭ്യമാക്കാൻ ധാരണയായി. കെ.ദാസൻ എം.എൽ.എ നഗരസഭ ടൗൺ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ കുറെ നാളുകളായി ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിലാണ് മൃഗാശുപത്രി പ്രവർത്തിച്ചു വരുന്നത്. ദിവസേന നൂറിലധികം ഒ.പി. പരിശോധന ഇവിടെ നടക്കാറുണ്ട്. ഇതിലധികവും ഫീൽഡ് സന്ദർശനത്തിലൂടെയാണ് നടക്കുന്നത്. നിലവിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ, പി.ടി.എസ് തുടങ്ങി 4 തസ്തികകൾ ആണ് ഇവിടെ ഉള്ളത്. പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള അനുമതി രേഖകൾ സഹിതം പുതിയ കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും ജനുവരി ആദ്യവാരത്തോടെ തയ്യാറാക്കാൻ തീരുമാനിച്ചു.
പുതിയ കാലത്തെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് കെട്ടിട ഘടന നിശ്ചയിക്കുന്നതിന് വകുപ്പിന്റെ നിർദ്ദേശങ്ങൾ ഉടൻ തന്നെ കൈമാറാനും തീരുമാനിച്ചു. മൃഗാശുപത്രി കെട്ടിടം നിൽക്കുന്ന കോമ്പൗണ്ടിനകത്ത് തന്നെ ഇപ്പോൾ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ജില്ലാ പരിശീലന കേന്ദ്രം ഉൾപ്പെടുന്ന പുതിയ കെട്ടിടം പണി അവസാന ഘട്ടത്തിലാണ്.
വൈദ്യുതീകരണം, പ്ലബ്ബിംഗ് വാട്ടർ കണക്ഷൻ നൽകൽ എന്നിവ കൂടിയെ ബാക്കിയുള്ളു. ഇതെല്ലാം ഫെബ്രുവരി ആദ്യവാരത്തോടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം യോഗത്തിൽ അറിയിച്ചു. 24 ജീവനക്കാരോളം ഉള്ള 3 ജില്ലാതല ഒഫീസുകൾ കൂടി ഉൾപ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയം. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വാടക കെട്ടിടത്തിൽ കഴിഞ്ഞു വരുന്ന ഓഫീസുകളാണ് ഇങ്ങോട്ടു മാറുന്നത്. ക്ഷീര കർഷകർ വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഓഫീസ്,
മൃഗങ്ങളിലെ പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ആർ.പി. വിജിലൻസ് യൂണിറ്റ്, ജില്ലയിലെ വിവിധ സബ് സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും പദ്ധതി പുരോഗതി വിലയിരുത്തുകയും ചെയ്യുന്ന റീജിയണൽ ആനിമൽ ഹസ്ബന്ററി സെന്റർ എന്നിവയാണ് പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാൻ പോകുന്നത്.
നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ.കെ.വി. ഉമ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.നീന കുമാർ, കൊയിലാണ്ടി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. അനിൽ കുമാർ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ റെനി. പി. മാത്യു, അസിസ്റ്റന്റ് എഞ്ചിനീയർ ജയാനന്ദൻ എന്നിവർ പങ്കെടുത്തു.
