KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റ് ശനിയാഴ്ച: ഓർമ്മകളുടെ വഴിയെ വീണ്ടും യു.എ.ഖാദർ കൊയിലാണ്ടിയിൽ

കൊയിലാണ്ടി:  മലയാള കഥാ സാഹിത്യത്തിൽ തദ്ദേശമുദ്രകൾ അടയാളപ്പെടുത്തി തന്റേതായ തട്ടകം രൂപപ്പെടുത്തിയ തൃക്കോട്ടൂരിന്റെ കഥാകാരൻ യു.എ.ഖാദർ ഓർമ്മകളുടെ വഴിയെ വീണ്ടും കൊയിലാണ്ടിയിലെത്തും. നഗരസഭയുടെ കൊയിലാണ്ടി ഫെസ്റ്റ് – നാഗരികം – 2017 ന്റെ ഭാഗമായി 26-ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ യു.എ.ഖാദർ മുഖ്യാതിഥിയാകും. തുടർന്ന് എഴുത്തുകാരനും ദേശവുമായുള്ള അന്യോന്യത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററി- “ഉറഞ്ഞാടുന്ന ദേശങ്ങൾ – ” അരങ്ങേറും.

ഫ്യുച്ചർ മീഡിയ യ്ക്ക് വേണ്ടി എൻ.ഇ.ഹരികുമാറാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിർവ്വഹിച്ചത്. ഷഹനാദ് ജലാൽ, ദാമോദരൻ അപ്പു എന്നിവർ ഛായാഗ്രഹണവും എ. സുരേഷ്, ശ്രീനു കരുവണ്ണൂർ എന്നിവർ തിരക്കഥയും ശശി പൂക്കാട് സംഗീതവും സയ്യിദ് ബഹാഉദ്ദീൻ നിർമ്മാണവും നിർവ്വഹിച്ച “ഉറഞ്ഞാടുന്ന ദേശങ്ങൾ” ആദി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് അരങ്ങേറുന്നത്.

ബർമ്മയിൽ പിറന്ന് യുദ്ധകാലത്ത് പലായനം ചെയ്ത പിതാവിനൊപ്പം കൊയിലാണ്ടിയിലെത്തിയ ശേഷം ബാപ്പയുടെ വീട്ടിലും ഇളയുമ്മയുടെ വീടായ അമേത്ത് തറവാട്ടിലുമായിരുന്നു യു.എ.ഖാദർ തന്റെ ബാല്യകാലമത്രയും പിന്നിട്ടത്. ഏറെ അംഗങ്ങളും ആൾത്തിരക്കുമുള്ള അമേത്ത് വീടിന്റെ കിഴക്കുഭാഗത്തെ ചായ്പ്പ് മുറിയായിരുന്നു ഏകാന്തവാസത്തിനായി കണ്ടെത്തിയത്. ഭാവനയുടെ ചിറകുവിടർത്താനുതകുന്നതായിരുന്നു ആ ദിവസങ്ങൾ. രൂപം കൊണ്ടും ഭാവം കൊണ്ടും മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്ഥനായതിനാൽ ഏറെക്കുറെ ഒറ്റപ്പെട്ട ആ ബാല്യകാല ദിനങ്ങൾ കുറച്ചൊക്കെ ആ ബാലനെ ശോകമൂകനാക്കി. ഏകാന്ത രാത്രികളിലെ ഇരുട്ടും നിഴലുകളും ഇടക്കൊക്കെ ബാലമനസ്സിൽ ഭയം ജനിപ്പിക്കും; അതിനിടയിൽ തൊട്ടയൽപക്കത്തെ നാഗക്കാവിൽ നിന്ന് നാഗപ്പാട്ടിന്റെയും നന്ദുണിയുടെയും തട്ടാൻ ഇട്ട്യേമ്പിയുടെ കോമരം തുള്ളലിന്റേയും ശബ്ദങ്ങൾ കാതിൽ വന്ന് പതിക്കും; ഈ ശബ്ദ സൗന്ദര്യങ്ങൾ മനസ്സിൽ കുടിയേറിയതോടെ പിന്നീട് കൊരയങ്ങാട് തെരുവിലെ അമ്പല വിശേഷങ്ങളിലേയ്ക്കും പകൽ സൗഹൃദങ്ങളിലേയ്ക്കും ബാല്യം വളർന്നു.

Advertisements

നെയ്ത്ത് തറികളുടെ നിലയ്ക്കാത്ത ശബ്ദം അന്ന് കൊരയങ്ങാട് തെരുവിന്റെ സംഗീതമായിരുന്നു. കൃഷിയും കൊയ്ത്തും മെതിയുമൊക്കെയായി തനി   ജൈവസമൃദ്ധിയുടെ നിറ കാലം. അന്ന് കൊയിലാണ്ടിയിലെ തണ്ടാം വയൽ വലിയ നെല്ലറയായിരുന്നു. കതിരണിഞ്ഞ കണ്ണെത്താ പാടം….ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ അനുഭവങ്ങളുടേയും ആദ്യ പ്രണയത്തിന്റെയുമൊക്കെ ഓർമ്മകളിലേക്ക് തിരികെ നടന്നപ്പോൾ കഥാകാരൻ വികാരധീനനായിരുന്നു. തന്നിലെ കഥാകാരന്റെ ജനനത്തിലും എഴുത്തിന്റെ പരിസര രൂപീകരണത്തിലും ഏറെ സ്വാധീനിച്ച ഈ അന്തരീക്ഷവും മനുഷ്യരും സ്മരണകളും ” ഉറഞ്ഞാടുന്ന ദേശങ്ങൾ ” പ്രേക്ഷകർക്ക് മുന്നിൽ പങ്ക് വെയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *