KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണം മാർച്ച് മാസത്തോടു കൂടി പൂർത്തീകരിക്കും

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണ പ്രവൃത്തികൾ മാർച്ച് മാസത്തോടു കൂടി പൂർത്തീകരിക്കാൻ തീരുമാനമായി.   ഹാർബർ നിർമ്മാണ പുരോഗതി വിലയിരുത്താനായി കെ.ദാസൻ എം.എൽ.എ കൊയിലാണ്ടി PWD റസ്റ്റ്ഹൗസിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് നിർമ്മാണം ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട എഞ്ചിനീയർമാരും വിവിധ കരാറുകാരും യോഗത്തിൽ സംബന്ധിച്ചു.
നിലവിൽ ഹാർബറുമായി ബന്ധപ്പെട്ട നിരവധി പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.  പ്രവൃത്തികളോരോന്നിന്റെയും പുരോഗതി യോഗത്തിൽ പരിശോധിച്ചു.  വടക്ക് തെക്ക് ഭാഗങ്ങളിലായുള്ള പുലിമുട്ടുകളുടെ നിർമ്മാണം 2515 മീറ്റർ നീളത്തിൽ പൂർത്തിയായി.  120 മീറ്റർ നീളത്തിൽ ജട്ടി, ജട്ടിയോട് ചേർന്ന ലേലപ്പുര, ശുദ്ധജല വിതരണത്തിനായുള്ള കിണർ, ജലസംഭരണി എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി.  വാർഫിനും കരക്കുമിടയിൽ 245 മീറ്റർ നീളത്തിൽ മണൽ നിറച്ച് നികത്തിയെടുത്ത സ്ഥലത്ത് അനുബന്ധ സൗകര്യങ്ങളായ ശൗചാലയം, ചുറ്റുമതിൽ, ഗേറ്റ് ഹൗസ്, ഓവുചാൽ, പരമ്പരാഗത ചെറുവള്ളങ്ങൾക്കായുള്ള ലേലപ്പുര എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.  ഹാർബറിനകത്തെ  കാന്റീൻ, കടമുറികൾ, ചെറു റോഡുകൾ,  പാർക്കിംഗ് ഏരിയ എന്നീ പ്രവൃത്തികൾ പുരോഗതിയിലാണ്.  ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾക്ക് കരാറായിക്കഴിഞ്ഞു ഈ പ്രവൃത്തിയും ഉടൻ ആരംഭിക്കും.
ഇതിനോടകം 62 കോടിയിൽപ്പരം രൂപയുടെ പ്രവൃത്തികൾക്കാണ് അനുമതിയായത്.  ഹാർബറിനകത്ത് വളളങ്ങൾ അടിപ്പിക്കുന്ന ഭാഗത്തെ ചളിയും മണലും നീക്കി ആഴം വർദ്ധിപ്പിക്കുന്നതിന് ഡ്രഡ്ജിംഗ് നടത്തുന്ന പ്രവൃത്തിയും ഘട്ടം ഘട്ടമായി ഉടൻ ആരംഭിക്കും.  ഇത് കൂടാതെ ഹാർബറിലേക്കുള്ള അനുബന്ധ റോഡായ മാർക്കറ്റ് – ഐസ് പ്ലാന്റ് റോഡ് നവീകരിക്കാനും  കാപ്പാട് -ഹാർബർ തീരദേശ റോഡിൽ പൊയിൽക്കാവിനും തുവ്വപ്പാറക്കും ഇടയിലുള്ള  തകർന്ന 1 കിലോമീറ്റർ  ഭാഗവും ഉടൻ നവീകരിക്കാനായി തീരുമാനിച്ചു.  ഈ ഭാഗം നവീകരിക്കാനായി നേരെത്തെ പണം അനുവദിച്ചിരുന്നതാണ്. എന്നാൽ കടൽക്ഷോഭത്തിൽ കടൽഭിത്തി പൂർണ്ണമായും തകർന്നതിനാൽ  പ്രവൃത്തി ടെണ്ടർ ഘട്ടത്തിൽ നിർത്തി വെക്കുകയായിരുന്നു. ഈ ഭാഗത്തെ കടൽഭിത്തി ബലപ്പെടുത്താനായി ഇപ്പോൾ 75 ലക്ഷത്തോളം രൂപയുടെ പ്രവൃത്തികൾക്ക് മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും ഭരണാനുമതിയായിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നു.
കടൽഭിത്തിയുടെ ബലപ്പെടുത്തലോടെ റോഡ് നവീകരണവും ആരംഭിക്കാനാവുമെന്ന് യോഗം വിലയിരുത്തി. ഹാർബറുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ കരാറുകാരോട് യോഗത്തിൽ നിർദ്ദേശിച്ചു.  എഞ്ചിനീയർമാരോട് നിർമ്മാണ മേൽനോട്ടം ഊർജ്ജിതപ്പെടുത്താനും നിർദ്ദേശിച്ചു.  യോഗത്തിൽ എം.എൽ.എ യെ കൂടാതെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത് , അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ലത, എ.ഇ മാരായ സതീശൻ, ജാൻസി എന്നിവരും വിവിധ കരാറുകാരും പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *