കൊയിലാണ്ടി ഫയർ സ്റ്റേഷൻ: താൽക്കാലിക കെട്ടിടം ഒക്ടോബർ ആദ്യവാരം പണി പൂർത്തിയാകും

കൊയിലാണ്ടി> കൊയിലാണ്ടി ഫയർ സ്റ്റേഷനുവേണ്ടി നിർമ്മിയ്ക്കുന്ന താൽക്കാലിക കെട്ടിടം ഒക്ടോബർ ആദ്യവാരം പൂർത്തിയാക്കുമെന്ന് നഗസഭ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തിന് കിഴക്ക് വശമുളള ഗാലറിയിൽ 5 റൂമുകളും മുൻവശത്തുളള സ്ഥലവുമാണ് ഫയര്സ്റ്റേഷനുവേണ്ടി തയ്യാറാവുന്നത്. താൽക്കാലിക കെട്ടിടത്തിന്റെ വർക്കുകൾ അധിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 20ന് താൽക്കാലിക കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എൽ.എ .കെ. ദാസൻ നിർവ്വഹിച്ചിരുന്നു. പിണറായി സർക്കാറിന്റെ ആദ്യ ബഡ്ജറ്റിലാണ് ഫയര്സ്റ്റേഷൻ അനുവദിച്ചുകൊണ്ടുളള സുപ്രധാനമായ തീരുമാനം ഉണ്ടായിട്ടുളളത്. തുടർന്ന് കൊയിലാണ്ടി നഗരസഭയും, എം.എൽ.എയും നിരന്തരമായ പ്രവർത്തനം നടത്തിയതിന്റെ ഭാഗമായിട്ടാണ് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ താൽക്കാലിക സംവിധാനത്തിന് സൗകര്യം ഒരുങ്ങിയത്.
കൊയിലാണ്ടി നഗരസഭയുടെ കൈവശമുളള ഹോമിയോ ആശുപത്രി കോമ്പൗണ്ടിൽ 26.4 സെന്റ് സ്ഥലം നഗരസഭ ഫയര്സ്റ്റേഷനുവേണ്ടി സംസ്ഥാന സർക്കാറിന് വിട്ട്കൊടുക്കുന്നതിന് വേണ്ടിയുളള രേഖകൾ ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞിരിക്കയാണ്. പുതിയ കെട്ടിടത്തിന്കൂടി സംസ്ഥാനസർക്കാർ ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ ഏതാണ്ട് ഒന്നര വർഷത്തിനുളളിൽ തന്നെ പുതിയ കെട്ടിടത്തിലേയ്ക്ക് ഫയര്സ്റ്റേഷൻ മാറ്റാൻ സാധിയ്ക്കും. ഇതോടുകൂടി കൊയിലാണ്ടിയിലെ ജനതയുടെ ചിരകാല സ്വപ്നമാണ് പൂവണിയുക. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തെരെഞ്ഞെടുപ്പു പ്രകടന പത്രികയിൽ ഊന്നൽ നൽകിയ ഏറ്റവും പ്രധാനപ്പെട്ട വികസന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കൊയിലാണ്ടി ഫയര്സ്റ്റേഷൻ.

