കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെ വാതക ശ്മശാന നിർമ്മാണം ഉടൻ

കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെ വാതക ശ്മശാന നിർമ്മാണം നടപടികളിലേക്ക് കടക്കുന്നു. വാതക ശ്മശാന നിർമ്മാണത്തിന് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചിരുന്നു. 2 കോടി രൂപ വീതമാണ് ഇരു ശ്മശാനങ്ങൾക്കുമായി ബജറ്റ് വിഹിതമായി നീക്കിവെച്ചത്. നഗരസഭകളായിട്ടും രണ്ടിടങ്ങളിലും പൊതു ശ്മശാനം ഇല്ലാതിരുന്നതിനാൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വടകര, വെസ്റ്റ്ഹിൽ ശ്മശാനങ്ങളെയും അടുത്ത കാലത്തായി തുറന്ന് നൽകിയ ചേമഞ്ചേരി വാതക ശ്മശാനത്തെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെ ഇരു നഗരസഭകളിൽ നിന്നും ജനകീയമായ ആവശ്യമായി ശ്മശാന പദ്ധതി ഉയർന്നു വന്നിരുന്നു.

നിർമ്മാണത്തിന് മുന്നോടിയായുള്ള ഭരണാനുമതിക്ക് വേണ്ടി വിശദമായ പദ്ധതി രേഖക്ക് രൂപം നൽകാനുള്ള പ്രഥമ അവലോകന യോഗം കാനത്തിൽ ജമീല എം.എൽ.എ കൊയിലാണ്ടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം കോഴിക്കോട് എക്സിക്യുട്ടീവ് എഞ്ചിനീയറെ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. മനോഹരമായ പശ്ചാത്തല സൗകര്യങ്ങളോടെയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. ഇതിനു മുന്നോടിയായി ഏപ്രിൽ 18 ന് രാവിലെ പയ്യോളിയിലും, ഏപ്രിൽ 22 ന് കൊയിലാണ്ടിയിലും സ്ഥലം സന്ദർശിക്കാർ തീരുമാനിച്ചിട്ടുണ്ട്.


യോഗത്തിൽ എം.എൽ.എ യെ കൂടാതെ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ ചന്ദ്രൻ ഇരു നഗരസഭകളിലെയും വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരും കൗൺസിലർമാരുമായ അഡ്വ. കെ. സത്യൻ, ടി. ചന്തു മാസ്റ്റർ, ഇ.കെ. അജിത്, മഹിജ, കെ. ഷിജു, കെ.എ ഇന്ദിര, നിഷ ഗിരീഷ് എന്നിവരും കൊയിലാണ്ടി നഗരസഭ സെക്രട്ടറി സുരേഷ് കുമാർ, എക്സിക്യുട്ടീവ് എഞ്ചിനീയർമാരായ സൂരജ്. പി.ജി, സുജ. വി.ഇ, അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ രാജിമോൾ. എസ്.രാജു, അരവിന്ദൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


