കൊയിലാണ്ടി പച്ചക്കറി മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചു. മത്സ്യം, മാംസം വിൽപ്പന പാടില്ല

കൊയിലാണ്ടി പച്ചക്കറി മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചു. മത്സ്യം, മാംസം വിൽപ്പന പാടില്ല. ഇന്ന് മുതൽ അണു നശീകരണം നടത്തിയ ശേഷം തുറക്കാനാണ് ദുരന്ത നിവാരണ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടത്. നഗരസഭ 33-ാം വാർഡിൽ പ്രവർത്തിക്കുന്ന മത്സ്യം പച്ചക്കറി മാർക്കറ്റ് ഒരു മാസത്തോളമായി കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ ജില്ലാ കലക്ടർ അടച്ചിടാൻ ഉത്തരവിട്ടിട്ട്. തുടർന്ന് നഗരസഭയിൽ നിരവധി വാർഡുകളിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിൻ്റെ ഭാഗമായി നഗരസഭയിലെ 44 വാർഡുകളും കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. 32-ാം വാർഡും ഹൈവെയും ഉൾപ്പെടെ പട്ടണത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ തുറക്കാൻ തീരുമാനമായിട്ടില്ല. ഇതിനിടയിൽ കഴിഞ്ഞ ദിവസം 32-ാം വാർഡിൽ നഗരസഭയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയിരുന്നു. 4 കോവിഡ് പോസിറ്റീവും റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് ഭീതി പൂർണ്ണമായും മാറിയിട്ടില്ലാത്തതിനാലാണ് മറ്റ് ഭാഗങ്ങളിൽ ഇളവുകൾ ലഭിക്കാത്തത്. നഗരസഭയിൽ ഇനിയും നിരവധി കോവിഡ് ടെസ്റ്റ് റിസൽട്ട് ലഭിക്കാനുണ്ട്. അതിൻ്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഭാഗികമായി മാറ്റാൻ സാധ്യതയുള്ളൂ. മാർക്കറ്റ് തുറക്കുന്നതിന് വേണ്ടി വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജില്ലാ കലക്ടറെയും നഗരസഭാ ചെയർമാനെയും നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. ഇതിൻ്റെകൂടി പാശ്ചാത്തലത്തിലാണ് മാർക്കറ്റ് മാത്രം കർശന നിയന്ത്രണത്തോടെ തുറക്കാൻ കലക്ടർ തീരുമാനിച്ചിട്ടുള്ളത്.

