KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും

കൊയിലാണ്ടി: നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും. ആറാമത് നഗരസഭ ചെയർപേഴ്സണായാണ് സുധ കിഴക്കെപ്പാട്ടിനെ സിപിഐ(എം) തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം ഏരിയാ കമ്മിറ്റി യോഗത്തിൽ തീരുമാനമായെങ്കിലും സിപി.ഐ(എം) ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ഇന്ന് ചേർന്ന എൽ.ഡി.എഫ്. നഗരസഭ കമ്മിറ്റി യോഗത്തിൽ തീരുമാനം അവതരിപ്പിക്കുകയായിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും, നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി സിപിഐ നേതാവ് ഇ.കെ. അജിത്ത് മാസ്റ്ററെയും ഐക്യകണ്ഠേന അംഗീകരിച്ചു. ചെയർപേഴ്സണും, വൈസ് ചെയർമാനും 28ന് ചുമതലയേൽക്കും. രാവിലെ 10 മണിക്ക് സുധ കിഴക്കെപ്പാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർന്ന് 2 മണിക്ക് വൈസ് ചെയർമാനായി അഡ്വ. കെ. സത്യനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. മറ്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരെ സിപിഐഎം പ്രത്യേക യോഗം ചേർന്ന് തീരുമാനിക്കും

സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്തായിരുന്ന കൊയിലാണ്ടിയെ ഇ.കെ. നായനാർ മുഖ്യമന്ത്രിയിരുന്ന കാലത്താണ് നഗരസഭയാക്കി ഉയർത്തിയത്. അന്ന് മുതൽ ഇടതുമുന്നണിയുടെ കൈകളിൽ ഭദ്രമായ നഗരസഭയുടെ പ്രഥമ ചെയർപേഴ്സണായി എഡ്വ. എം.പി. ശാലിനിയെയാണ് സി.പിഐ.(എം) ദൌത്യമേൽപ്പിച്ചത്. തുടർന്ന് രണ്ട് തവണ ഇപ്പോഴത്തെ എം.എൽ.എ. കെ. ദാസനായിരുന്നു ചെയർമാൻ പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്.

തുടർന്ന് അഞ്ച് വർഷം കെ. ശാന്ത ടീച്ചറും, ഒടുവിൽ അഡ്വ. കെ. സത്യനും ചെയർമാൻ പദം അലങ്കരിച്ചു. അങ്ങിനെ ഇരുപത്തഞ്ച് വർഷം തുടർച്ചയായ ഭരണം നടത്തിയ എൽ.ഡി.എഫിനെ വീണ്ടും ജനം അധികാരമേൽപ്പിച്ചപ്പോൾ ചെയർപേഴ്സണായി ചുമതലയേൽക്കാൻ നിയോഗിക്കപ്പെട്ടത് പന്തലായനിക്കാരി സുധ കിഴക്കെപ്പാട്ടിനെയാണ്. നഗരസഭയിലെ പന്തലായനി സെൻട്രൽ 14-ാം വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തിനാണ് ഇത്തവണ അവർ വിജയിച്ചത്. ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് വളർന്ന് സിപിഐഎംൻ്റെ എളിയ പ്രവർത്തകയായി പൊതുരംഗത്ത് വന്ന് ജനസമ്മതിനേടുകയും, 2010ൽ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡി.എഫ്.ൻ്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പന്തലായനി വെസ്റ്റിൽ 3 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു സുധ ജയിച്ചുവന്നത്.

Advertisements

5 വർഷം കൊണ്ട് വാർഡിൽ നടത്തിയ വികസനത്തിൻ്റെ ഭാഗമായി 2015ലെ ഇലക്ഷനിൽ പി.എം. ബിജുവിലൂടെ 273 വോട്ടിൻ്റെ ഭൂരിപക്ഷത്തിലേക്ക് വാർഡിലെ ലീഡ് ഉയർത്തി. അങ്ങിനെ 5 വർഷം കൌൺസിലിൽ ഇരുന്ന അനുഭവ സമ്പത്താണ് സുധ കിഴക്കെപ്പാട്ടിന് ഇന്ന് തുണയായത്. അതിനിടയിൽ സിപിഐ(എം) ഗേൾസ് സ്കൂൾ ബ്രാഞ്ച് സെക്രട്ടറി, സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി മേഖലാ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാനായി. പന്തലായനി അഘോര ശിവക്ഷേത്രം കമ്മിറ്റിയിലെ പ്രധാന ചുമതലക്കാരിൽ ഒരാളായും സുധയുടെ പ്രവർത്തനം നീളുന്നു.

അഡ്വ. കെ. സത്യൻ 5 വർഷം നഗരസഭയുടെ ചെയർമാനായി കൊയിലാണ്ടിയുടെ മുഖച്ഛായ മാറ്റിയ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത മികച്ച ഭരണാധികാരിയെന്ന എല്ലാം ആംഗീകാരവുമായിട്ടാണ് വൈസ് ചെയർമാനായി അഡ്വ. കെ. സത്യനെ സിപിഐഎം വീണ്ടും ചുമതലയേൽപ്പിക്കുന്നത്. ബാലസംഘം പ്രവർത്തകനായാണ് കെ. സത്യൻ പൊതുരംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും കൊയിലാണ്ടിയുടെ ഉന്നത നിരയിൽ ഇടംപിടിച്ചു. ഡി.വൈ.എഫ്.ഐ. മേഖലാ ഭാരവാഹിയായും, ബ്ലോക്ക് പ്രസിഡണ്ടായും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു.

ഇപ്പോൾ സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗമാണ്. കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ കെ. സത്യൻ 6 വർഷം കൊയിലാണ്ടിയില പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യസംഘം മേഖലാ പ്രസിഡണ്ട്, കൊയിലാണ്ടി പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എന്നീ നിലകളിൽ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമാണ് കെ. സത്യൻ. കഴിഞ്ഞ 5 വർഷം ജില്ലയിലെ നഗരസഭ ചെയർമാൻമാരുടെ കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനായും അദ്ധേഹം പ്രവർത്തിച്ചു.

തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും പുതിയ പാതകളിലൂടെ മുന്നേറാനും കൊയിലാണ്ടിയെ നാടിൻ്റെ നെറുകയിലേക്ക് ഉയർത്തിക്കൊണ്ടുംവരാനും ഇരു ചുമതലക്കാരും ആർജ്ജവത്തോടെ പ്രവർത്തിക്കുമെന്ന കാഴ്ചപ്പാടാണ് ഇവരെത്തന്നെ ഈ ചുമതല ഏൽപ്പിക്കുന്നതിന് എൽ.ഡി.എഫ്. നെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *