KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിക്ക് പുതിയ 9 നില കെട്ടിടത്തിന്‌ 60 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 9 നില കെട്ടിടം പണിയുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. 9 നിലകളിലായി 1 ലക്ഷത്തി തൊണ്ണൂറ്റി നാലായിരം സ്‌ക്വയർഫീറ്റ് വിസ്തൃതിയിലുള്ള ബഹുനില കെട്ടിടത്തിന്റെ രൂപരേഖ ടൗൺഹാളിൽ എം. എൽ. എ. കെ. ദാസന്റെയും നഗരസഭാ ചെയർമാന്റെയും സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരുടെ മുമ്പാകെ അവതരിപ്പിച്ചു. 60 കോടി രൂപ കെട്ടിട നിർമ്മാണത്തിനും 20 കോടി രൂപ ഉപകരണങ്ങളും ഫർണ്ണീച്ചറുകളും ഉൾപ്പെടെ 80 കോടി രൂപയുടെ വൻ വികസന പദ്ധതിക്കാണ് താലൂക്കാശുപത്രിക്ക് വേണ്ടി  സംസ്ഥാന സർക്കാർ സഹായത്തോടെ  നടപ്പാക്കുന്നത്‌. ഇതിന് വേണ്ടി 4.5 കോടി രൂപ അനുവദിച്ചതായി ഇരുവരും പറഞ്ഞു.   പണി പൂർത്തിയായ 6 നില കെട്ടിടം ജൂലായ് മാസത്തിൽ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ.

എം.എൽ.എ. വിളിച്ചു ചേർത്ത ജില്ലയിലെ വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തോടനുബന്ധിച്ചായിരുന്നു പ്രൊജക്ട് അവതരിപ്പിച്ചത്. ULCC ആണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
താലൂക്കാശുപത്രിയുടെ പുതിയ 6 നില കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ പുതിയ ബഹുനില കെട്ടിടത്തിന്റെ പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് നഗരസഭയും എം.എൽ.എ.യും ശ്രമിക്കുന്നത്.

താലൂക്കാശുപത്രിയുടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റിക്കൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ പ്രവർത്തനവുമായി മുമ്പോട്ട് പോകുന്നത്. നിലവിൽ പണി പൂർത്തിയാക്കിയ 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം അടിയന്തരമായി നടത്തുന്നതിന് വേണ്ടിയുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നു വരികയാണ്. ലിഫ്റ്റ് നിർമ്മാണം പുരോഗമിച്ച്‌കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനുള്ള വർക്കുകളും ദ്രുതഗതിയിൽ നടക്കുന്നു. മൂന്നാം നിലയിൽ വാർഡുകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതി വേഗത്തിൽ നടന്നു വരികയാണ്. ഇതിന്എം.എൽ.എ.യുടെ ശ്രമഫലമായി രണ്ട് കോടി രൂപയാണ് NRHM ഫണ്ടനുവദിച്ചിട്ടുള്ളത്‌.

Advertisements

പുതിയ കെട്ടിടംകൂടി യാഥാർത്ഥ്യമായാൽ ഒരു മിനി മെഡിക്കൽ കോളജ് കൊയിലാണ്ടിക്ക് സ്വന്തമായിത്തീരും. എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ആശുപത്രി സംവിധാനമാണ് മാസ്റ്റർ പ്ലാനിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ പണി പൂർത്തിയായ പുതിയ കെട്ടിടത്തിനെ 6 നിലകളും റാംബ് വഴി ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ചുറ്റു മതിൽ കെട്ടാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതിന്റെ ഭാഗമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അടുത്ത ദിവസം പണി ആരംഭിക്കും. കൂറ്റൻ കവാടമാണ് മുൻവശത്തായി ഒരുങ്ങുന്നത്. കൂടാതെ ആശുപത്രിയുടെ തെക്ക് ഭാഗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷൻ ഭഗത്ത് മറ്റൊരു ഗേറ്റ് കൂടി സ്ഥാപിക്കുന്നു. പടിഞ്ഞാറ് ഭാഗത്തായി പുതിയൊരു റോഡും നിർമ്മിക്കുന്നുണ്ട്. നിലവിലുള്ള മാവേലി മെഡിക്കൽ സ്‌റ്റോർ ഉൾപ്പെടെ മുൻവശത്തുള്ള പഴകിയ കെട്ടിടം പൊളിച്ചു നീക്കി അവിടങ്ങളിൽ വിശാലമായ പാർക്കിംഗ് സൗകര്യ ഉറപ്പ് വരുത്തും. നിർദ്ദിഷ്ട കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ടിൽ പാർക്കിംഗിനും അത്യാധുനിക സൗകര്യങ്ങളോടെ മോർച്ചറിക്കുമായി സൗകര്യപ്പെടുത്തും.

അതോടൊപ്പം നിലവിലുള്ള പേ വാർഡ് നഗരസഭയ്ക്ക് കൈമാറുന്നതിനുള്ള ആലോചന ആരംഭിച്ചു കഴിഞ്ഞതായി എം. എൽ. എ. അറിയിച്ചു. അങ്ങിനെ വന്നാൽ ആ കെട്ടിടവും പൊളിച്ചു മാറ്റി പുതിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പേ വാർഡ് നിർമ്മിക്കാൻ നഗരസഭ മുൻകൈ എടുക്കും. ആശുപത്രിക്ക് വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇതോടനുബന്ധിച്ച് പൂർത്തീകരിക്കും.

നിലവിൽ ആശുപത്രിക്ക് പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് 65 ലക്ഷവും. പുതിയ കെട്ടിടത്തിലേക്ക് ട്രോമാ കെയർ യൂണിറ്റിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന്‌ 3.5 കോടി രൂപയും സർക്കാർ ഫണ്ടിൽ നിന്ന്‌ അനുവദിച്ചിട്ടുണ്ട്. വർക്കുകൾ KMSCL ന് കൈമാറുമെന്ന് എം.എൽ.എ. അറിയിച്ചു. വികസന സെമിനാറിൽ നഗരസഭാ ചെയർമാൻ  അഡ്വ: കെ. സത്യൻ സ്വാഗതം പറഞ്ഞു.

നഗരസഭാ ആരോഗ്യ സ്റ്റാൻരിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് രമേശൻ പാലേരി, കൊയിലാണ്ടി തഹസിൽദാർ പ്രേമൻ, ജില്ലാ അഡീഷണൽ DMO ഡോ: സരില, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ; സച്ചിൻ ബാബു, ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ മറ്റ് വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *