കൊയിലാണ്ടിയിൽ മനുഷ്യ മഹാ ശൃംഖല മഹാ പ്രവാഹമായി മാറി
കൊയിലാണ്ടി. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ മഹാ ശൃംഖല കൊയിലാണ്ടിൽ മഹാ പ്രവാഹമായി മാറി. 4 മണിക്ക് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് കേന്ദീരിക്കാനാണ് എൽ.ഡി.എഫ്. തീരുമാനിച്ചതെങ്കിലും ഉച്ച കഴിഞ്ഞ് 2 മണി ആകുമ്പോഴേക്കും ദേശീയപാതയുടെ ഇരുവശങ്ങളിലും ജനങ്ങൾ അണിനിരക്കുന്ന ആവേശകരമായ കാഴ്ചയാണ് കാണാൻ സാധിച്ചത്. കൊയിലാണ്ടിയുടെ കിഴക്ക് ഭാഗമായ താമരശ്ശേരി റോഡിലും മുത്താമ്പിറോഡിലൂടെയും എത്തിച്ചേർന്ന വാഹനങ്ങൾക്ക് പട്ടണത്തിലേക്ക് പ്രവേശിക്കാനാകാതെ മേൽപ്പാലത്തിന് മുകളിൽ കുടുങ്ങുന്ന സ്ഥിതിയാണുണ്ടായത്.
ദൂര ദിക്കിലേക്കുള്ള പ്രവർത്തകർ ബസ്സുകളിലും ലോറികളിലും മറ്റ് വാഹനങ്ങിലുമായെത്തിയെങ്കിലും പാലത്തിൽ മണിക്കൂറുകൾ കുടുങ്ങിയത് കാരണം പലർക്കും നിശ്ചയിച്ച സ്ഥലത്ത് എത്തിച്ചേരാൻ സാധിക്കാതെപോയി. പക്ഷെ നിശ്ചയിച്ചിടങ്ങളിലെല്ലാംതന്നെ മൂന്നും നാലും വരികളിലായി പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. ആർ.എസ്.എസ്സിനെതിരെയും, കേന്ദ്ര സർക്കാരിനെതിരെയുമുളള പ്രതിഷേധം ഓരോ മനുഷ്യന്റെയും മനസ്സിൽ പ്രതിഷേധ ജ്വാലയായി മാറുകയായിരുന്നു. പർദ്ദയണിഞ്ഞെത്തിയ ആയിരക്കണക്കിന് സ്ത്രീകൾ കൈകുഞ്ഞുങ്ങളുമായാണ് ശൃംഖലയിൽ അണിനിരന്നത്.

കൊയിലാണ്ടിയിലെ കടലോര മേഖലയിൽ നിന്ന് കുടുംബത്തോടൊപ്പം സ്ത്രീകളും കുട്ടികളും പ്രായമായവരും അണിനിരന്നത് ആർ. എസ്. എസ്നെയും, ബി.ജെ.പി.യെയും നേരിടാൻ ഇനി എൽ.ഡി.എഫ്ൽ മാത്രാമാണ് പ്രതീക്ഷ എന്ന് അവരുടെ സാന്നിദ്ധ്യംകൊണ്ട് വളരെ വ്യക്തമായിരിക്കുകയാണ്.

കൊയിലാണ്ടയിൽ എൽ.ഡി.എഫ്. സെൻട്രൽ മേഖലാ കമ്മിറ്റിയുടെയും സൌത്ത് മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സമരത്തിൻ്റെ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയത്. ഓരോ വാർഡുകളിലെയും പ്രവർത്തകർ നിൽക്കേണ്ട സ്ഥലം ദിവസങ്ങൾക്ക് മുമ്പേ ചിട്ടപ്പെടുത്തി നൽകിയിരുന്നു. എൽഡിഎഫ് ലെ പാർട്ടി പ്രവർത്തകർക്ക് വീടുകളുടെ ചുമതല നൽകി ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചതായും എല്ലാ വാർഡുകളിലും കുടുംബയോഗം വിളിച്ചുചേർത്തും മറ്റ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയും ജനങ്ങളെ സമരത്തിൽ അണിനിരത്താൻ സാധിച്ചതായി നേതാക്കൾ പറഞ്ഞു.

കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. നേതാക്കളായ സിപിഎം സംസ്ഥാന കമ്മിററി അംഗം എം. മെഹബൂബ്, ജില്ലാ സെക്രട്ടരിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ എം. എൽ.എ., ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ്, സിപിഐ നേതാക്കളായ എം. നാരായണൻ മാസ്റ്റർ, ഇ.കെ. അജിത്ത്, എസ്. സുനിൽ മോഹൻ, കോൺഗ്രസ്സ് എസ് ജില്ലാ പ്രസിഡണ്ട് സി സത്യചന്ദ്രൻ, സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ, എൻ.സി.പി. നേതാവ് കെ.ടി.എം. കോയ, ഐഎൻഎൽ നേതാവ് ഹുസൈൻ തങ്ങൾ, ടി. വി. ദാമോദരൻ തുടങ്ങി നിരവധി പേർ ശൃംഖലക്ക് നേതൃത്വനൽകി.
