കൊയിലാണ്ടിയിൽ ബസ്സുകളുടെ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു
കൊയിലാണ്ടി: സ്വകാര്യ ബസ് ഡ്രൈവറെയും, കണ്ടക്ടറെയും കോടതി റിമാണ്ടു ചെയ്ത സംഭവത്തിൽ കണ്ണൂർ – കോഴിക്കോട് ദീർഘദൂര ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയതിനെ തുടർന്ന് ദീർഘദൂര യാത്രകാർ വലഞ്ഞു. ഇന്നലെ കാലത്ത് താമരശ്ശേരി ഡി.വൈ.എസ്.പി. അബ്ദുൾ റസാക്കിനെ ചേമഞ്ചേരിയിൽ വെച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കെ.എൽ.18.ആർ. 9923 ഗാലക്സി ബസ് ഡ്രൈവർ മാഹി പുന്നോളി സജീർ മൻസിൽ സഹീർ (34), കണ്ടക്ടർ കോഴിക്കോട് വെള്ളിപറമ്പ് പുവൻ പറമ്പത്ത് അബൂബക്കർ (40) തുടങ്ങിയവർക്കെതിരെ കേസ്സെടുത്തത്. പിന്നീട് ഇവരെ കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്യുകയായിരുന്നു.
ഇതേ തുടർന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസ്സിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ദീർഘദൂര യാത്രകാരാണ് വലഞ്ഞത്. കാലത്ത് ഓടിയ ബസ്സുകൾ വടകരയിൽ വെച്ച് തടയുകയും ചെയ്തു. മിന്നൽ പണിമുടക്കിന് യൂണിയനുകളുമായി ബന്ധമില്ലെന്നാണ് ട്രേഡ് യൂണിയനുകൾ പറയുന്നത്.






