കൊയിലാണ്ടിയിൽ കാർഷിക വിപണന കേന്ദ്രം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക വിപണന കേന്ദ്രം വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. കാലത്ത് 9 മണിക്ക് പുതിയ ബസ്സ്സ്റ്റാന്റിന് കിഴക്ക് ഭാഗത്തുള്ള കുടുംബശ്രീ കെട്ടിടത്തിന് സമീപത്താണ് വിപണന കേന്ദ്രത്തിന് സൗകര്യമൊരുക്കിയത്. വിഷരഹിതമായതും ഗുണമേന്മയുള്ളതും വിലക്കുറവിലും ജനങ്ങൾക്ക് എല്ലാ സമയങ്ങളിലും പച്ചക്കറി ലഭ്യമാക്കുന്നതിന് വേണ്ടി ഒരു സ്ഥിരം സംവിധാനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യനും, കൃഷി ഓഫീസർ ശുഭശ്രീയും പറഞ്ഞു.
കൊയിലാണ്ടിയിലെ പന്തലായനി, നടേരി, വിയ്യൂർ വില്ലേജുകളിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്നതും മറ്റ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതുമായ പച്ചക്കറി കർഷകരിൽ നിന്ന ഏറ്റെടുത്ത് ഉപഭോക്താക്കൾക്ക് ന്യായവിലക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ പറഞ്ഞു. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിക്കും.

