കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യത

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ചുഴലിക്കാറ്റിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

കന്യാകുമാരിക്ക് തെക്ക് ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയത്. കേരള തീരത്ത് അതിശക്തമായ ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയ മുന്നറിയിപ്പില്‍ പറയുന്നത്.

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും, തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചു.

