KOYILANDY DIARY.COM

The Perfect News Portal

കേരളാ വിപ്കോ സംരംഭമായ സൗണ്ട് ഫോറസ്റ്റിന് കോഴിക്കോട്ട് തുടക്കമായി

കോഴിക്കോട്: സഹകരണ മേഖലയില്‍ ഏഷ്യയിലെ ആദ്യത്തെ വിഷ്വല്‍ സ്റ്റുഡിയോ കേരളാ വിഷ്വല്‍ ആന്റ് പ്രിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കേരളാ വിപ്കോ) സംരംഭമായ സൗണ്ട് ഫോറസ്റ്റിന് കോഴിക്കോട്ട് തുടക്കമായി.
കേരളപ്പിറവി ആഘോഷ പരിപാടികള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സൗണ്ട് ഫോറസ്റ്റ് ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രനും നിര്‍വഹിച്ചു. വിപ്കോ പ്രസിഡന്റ് ടി .ദിനേശ്ബാബു അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സഹകരണ ഭവന്‍ ജോയിന്റ് രജിസ്റ്രാര്‍ ടി. പി ശ്രീധരന്‍, വിപ്കോ വൈസ് പ്രസിഡന്റ് പി. കുഞ്ഞിമൊയ്തീന്‍, സെക്രട്ടറി ടി.എസ് സത്യഭാമ എന്നിവര്‍ പ്രസംഗിച്ചു. സൗണ്ട് ഫോറസ്റ്റ് ദൃശ്യമിശ്രതരംഗ സംവിധാനങ്ങള്‍ രൂപകല്പന ചെയ്ത ഷിനോജിനെ ഉപഹാരം നല്‍കി ആദരിച്ചു.

സംവിധായകരായ ആഷിക് അബു, അമല്‍ നീരദ്, സമീര്‍ താഹിര്‍, നടന്‍ വിനായക് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സ് മ്യൂസിക് കോമഡിയും മെഗാ ഇവന്റും അരങ്ങേറി. അത്യന്താധുനിക യന്ത്ര സംവിധാനങ്ങളോടെയാണ് വെസ്റ്റ്ഹില്ലില്‍ സൗണ്ട് ഫോറസ്റ്റ് എന്ന പേരില്‍ സിനിമാ ടെലിവിഷന്‍ എഡിറ്റിംഗ് സ്റ്റുഡിയോ ഒരുക്കിയത്. സ്വകാര്യ മേഖലയില്‍ നിന്ന് ഭിന്നമായി നിരവധി ആനുകൂല്യങ്ങളും പാക്കേജുകളും ഇവിടെ ലഭ്യമാകും. വിവിധ ദൃശ്യാവിഷ്കാരങ്ങള്‍ക്ക് വേദിയാവുന്ന സാംസ്കാരിക ഇടം എന്ന നിലയിലാണ് സ്റ്റുഡിയോയും പിരസരവും വിഭാവനം ചെയ്തിട്ടുള്ളത്. സിനിമാ പ്രദര്‍ശനം, നാടകാവിഷ്കാരം തുടങ്ങിയവയ്ക്കായി ‘പത്മരാജന്‍ സ്ക്വയര്‍’ എന്ന പേരില്‍ പെര്‍ഫോര്‍മിംഗ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. കലാ ആവിഷ്കാരങ്ങള്‍ക്കു പുറമെ ഔട്ട്ഡോര്‍ ഷൂട്ടുകളുടെ ലൊക്കേഷനായി മാറ്റാന്‍ സാധിക്കും വിധമാണ് ഇതിന്റെ രൂപകല്‍പ്പന.
Share news

Leave a Reply

Your email address will not be published. Required fields are marked *