കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടൊപ്പം അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ബംഗളൂരുവിലെ കെടി നഗറിലുള്ള ഒരു നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നെത്തി ഹോട്ടല്‍ റിസോര്‍ട്ട്, ഡോര്‍മെന്ററി ഹോം സ്‌റ്റേകള്‍, എന്നിവിടങ്ങളില്‍ തങ്ങുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കേണ്ടതാണ്.

കേരളം, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അറിയിച്ചത്. ചൊവ്വാഴ്ച മുതല്‍ നടപടി ശക്തമാക്കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആശയവിനിമയം നടത്തുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


രാജ്യത്ത് പല സംസ്ഥാനങ്ങളിലും വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് സംഭവിക്കുകയാണ് . ജനങ്ങളുടെ അനാസ്ഥയാണ് കൊവിഡ് കേസുകള്‍ രാജ്യത്ത് ഉയരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോകള്‍ ജനങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

