കേരളം വിഭാവനം ചെയ്തിരിക്കുന്ന ടെക്നോസിറ്റി രാജ്യത്തിനുതന്നെ മാതൃകയാണ്: രാഷ്ട്രപതി

തിരുവനന്തപുരം: കേരളം ഡിജിറ്റല്‍ ഇന്ത്യയുടെ പവര്ഹൌസാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു രാഷ്ട്രപതി.
കേരളം വിഭാവനം ചെയ്തിരിക്കുന്ന ടെക്നോസിറ്റി രാജ്യത്തിനുതന്നെ മാതൃകയാണ്. സേവനരംഗത്തും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലും കേരളം രാജ്യത്തിനുമുന്നില്‍ സഞ്ചരിക്കുകയാണ്. രാജ്യത്തിന്റെ തൊഴില്‍മേഖലയുടെയും സമ്പദ്വ്യവസ്ഥയുടെയും വളര്‍ച്ച ഡിജിറ്റല്‍ മേഖലയെ ആശ്രയിച്ചാണ്. ഐടിയുടെയും അനുബന്ധ വ്യവസായങ്ങളുടെയും രംഗത്ത് കേരളം വളര്‍ച്ചയുടെ പാതയിലാണ്.

ഇന്ത്യയില്‍ ഈ രംഗത്ത് എട്ടാംസ്ഥാനത്താണ്. കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്കുന്ന മേഖലയാണ് ഐടി. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കേരളത്തിന്റെ ശേഷി ഇതിലും എത്രയോ മടങ്ങാണ്. കേരളത്തിന്റെ സാക്ഷരതയും നൈപുണ്യവും ഉപഭോക്തൃ വ്യവസായങ്ങളിലും സേവനരംഗത്തുമുള്ള പരിചയസമ്പത്തും വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.

രാജ്യത്തിന്റെ സേവനമേഖല വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍ കേരളത്തിന് നിര്‍ണായകപങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ചും ഐടി, ടൂറിസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍. ഈ മേഖലകളിലാണ് ഭാവിയില്‍ വലിയ തൊഴിലവസരങ്ങള്‍. കേരളത്തിന് ഇതില്‍ വലിയ സംഭാവന ചെയ്യാന്‍ കഴിയും.

വിനോദ സഞ്ചാരമേഖലയില്‍ കേരളത്തിന്റെ ആതിഥ്യമര്യാദയും ആരോഗ്യരംഗവും ലോകപ്രസിദ്ധമാണ്. പ്രത്യേകിച്ചും ആയുര്‍വേദത്തില്‍. രാജ്യത്തിന്റെ ഏതുഭാഗത്തായാലും മലയാളി നേഴ്സുമാരുടെ സേവനമില്ലാതെ ആശുപത്രികള്‍ നടത്തിക്കൊണ്ടുപോകാനാകില്ല. ആരോഗ്യരംഗത്ത് പ്രാവീണ്യം നേടിയവര്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്, റോബോട്ടിക്സ് എന്നീ മേഖലകളിലും വന്‍ സാധ്യതയാണ് തുറക്കുന്നത്.
സേവനസമ്പദ്വ്യവസ്ഥയുടെ ശേഷി വര്‍ധിപ്പിക്കുന്നതിലാണ് വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം. ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, മറ്റ് വ്യാവസായികമേഖലകള്‍ എന്നിവയുടെ മാറ്റത്തിന് പ്രധാനപങ്കാണ് വിവരസാങ്കേതികവിദ്യയ്ക്കുള്ളത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ സാമ്പത്തിക-വികസന രംഗങ്ങളില്‍ മലയാളികളുടെ സാന്നിധ്യം അനിവാര്യമാണ്. ഈ ശേഷി രാജ്യാതിര്‍ത്തിയില്‍ ഒതുങ്ങിനില്ക്കുന്നതല്ല. കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ ഗള്ഫ്നാടുകളുടെയും ഇന്ത്യയുടെയും സാമ്പത്തികവളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.
കേരളം വിദ്യാഭ്യാസ വൈജ്ഞാനികരംഗങ്ങളില്‍ ലോകപ്രശസ്തമാണ്. രാഷ്ട്രപതിയായി ചുമതലയേറ്റ് ആദ്യം നടത്തിയ വിദേശ സന്ദര്‍ശനം എത്യോപ്യയിലാണ്. നാലുപതിറ്റാണ്ടുമുമ്പുമുതല് ഇന്ത്യന്‍ അധ്യാപകര്‍ നല്കിയ സേവനങ്ങളെ അവിടത്തെ ഭരണാധികാരികള്‍ ഏറെ പ്രശംസിച്ചു. ആ അധ്യാപകരില്‍ വലിയൊരു പങ്കും കേരളീയരാണ്- രാഷ്ട്രപതി പറഞ്ഞു.
