KOYILANDY DIARY.COM

The Perfect News Portal

കേരളം കാത്തിരുന്ന ഭാഗ്യവാനെ കണ്ടെത്തി

കിളിമാനൂര്‍: കേരളം കാത്തിരുന്ന ഭാഗ്യവാനെ കണ്ടെത്തി. കിളിമാനൂരിനടുത്തുള്ള നഗരൂരിലെ കോണ്‍ഗ്രസ് നേതാവ് ബി.രത്നാകരന്‍പിള്ളയെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. കേരള സര്‍ക്കാരിന്റെ സുവര്‍ണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബമ്ബറിന്റെ ഒന്നാം സമ്മാനമായ ആറ് കോടി രൂപയാണ് നഗരൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗംകൂടിയായ കീഴ്പേരൂര്‍ രാജേഷ് ഭവനില്‍ ബി. രത്നാകരന്‍ പിള്ളയ്ക്കു ലഭിച്ചത്. എല്‍.ഇ. 261550 എന്ന നമ്ബരിലെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്.ബി.ഐ.യുടെ പോങ്ങനാട് ശാഖയില്‍ ഏല്‍പ്പിച്ചു.

വെഞ്ഞാറമൂട് പുല്ലമ്ബാറ ജറാര്‍ ലക്കി സെന്ററില്‍നിന്നു വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രത്നാകരന്‍പിള്ള രണ്ടുതവണ കീഴ്പേരൂര്‍ വാര്‍ഡിന്റെ പ്രതിനിധിയായിരുന്നു. ഇരുപത് ദിവസം മുന്‍പ് തുമ്ബോട് കൃഷ്ണന്‍കുന്നിനു സമീപത്തുെവച്ചാണ് ടിക്കറ്റെടുത്തതെന്ന് ഇദ്ദേഹം പറഞ്ഞു. മുച്ചക്ര സൈക്കിളില്‍ കൊണ്ടുവന്ന വിതരണക്കാരനില്‍നിന്നാണ് ടിക്കറ്റെടുത്തത്.

മുന്‍പ് പലതവണ ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്. സമ്മാനത്തുക ഉപയോഗിച്ച്‌ കുറച്ചു കടമുള്ളതു വീട്ടണം. താന്‍ താമസിക്കുന്ന രണ്ടാം വാര്‍ഡിലെ ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങി നല്‍കണമെന്ന ആഗ്രഹമുള്ളതായും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിനിടയില്‍ നിര്‍ദ്ധനരായ ധാരാളം പേരെ സഹായിച്ചിട്ടുണ്ട്. അതിനിയും തുടരും.

Advertisements

ബേബിയാണ് രത്നാകരന്‍ പിള്ളയുടെ ഭാര്യ. ഷിബു, രാജേഷ്, രാജീവ്, രാജി, രജീഷ് എന്നിവരാണു മക്കള്‍. ഇളയ മകന്റെ വിവാഹം നടക്കാനുണ്ട്. പ്രതീക്ഷിക്കാതെ വന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് വീട്ടുകാര്‍. കൃഷ്ണന്‍കുന്നില്‍ കൃഷ്ണ സോമില്‍ എന്ന പേരില്‍ ഒരു തടിമില്ല് നടത്തിയാണ് ഇദ്ദേഹം ഉപജീവനം നടത്തുന്നത്. ഭാഗ്യം കടാക്ഷിച്ചെങ്കിലും ഇനിയും പൊതുപ്രവര്‍ത്തനരംഗത്തു തുടരുമെന്ന് രത്നാകരന്‍ പിള്ള പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *