KOYILANDY DIARY

The Perfect News Portal

കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ പതാക നാട്ടിയത് തലകീഴായി

അബുദാബി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ പതാക നാട്ടിയത് തലകീഴായി. സൗദി അറേബ്യന്‍ ഭരണകര്‍ത്താക്കളോടൊപ്പം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് പതാക തലകീഴായി നാട്ടിയത്. ഇന്ത്യന്‍ പതാകയുടെ ചവിട്ടികള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച ആമസോണ്‍ മാപ്പ് പറയണമെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ട് ഒരാഴ്ച്ച തികയും മുമ്ബേയാണ് കേന്ദ്രമന്ത്രി തന്നെ പങ്കെടുത്ത ചടങ്ങില്‍ ദേശീയപതാക തലകീഴായി പ്രത്യക്ഷപ്പെട്ടത്. അതും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മന്ത്രി വിദേശത്ത് പങ്കെടുത്ത ചടങ്ങില്‍ എന്നത് സംഭവത്തെ ഗൗരവതരമാക്കുന്നു.

പാരമ്പര്യേതര ഊര്‍ജ്ജവുമായി ബന്ധപ്പെട്ട വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി അബുദാബി സന്ദര്‍ശിച്ചത്. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകളുടെ ചിത്രം സൗദി പ്രസ്സ് ഏജന്‍സിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിലാണ് തലകീഴായി നാട്ടിയ കൊടിക്ക് മുമ്ബില്‍ ചിരിച്ച്‌ കൊണ്ട് നില്‍ക്കുന്ന മന്ത്രിയുടെ മുഖം പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പ്‌ 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സൊ ആബെയുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ തലകീഴായി ഇന്ത്യന്‍ പതാക പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *