KOYILANDY DIARY

The Perfect News Portal

കെ ബാബുവിനെതിരായ അന്വേഷണം; വിജിലന്‍സ് പരിശോധന ഇന്നും തുടരും

കൊച്ചി:  മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് പരിശോധന ഇന്നും തുടരും. രണ്ട് ദിവസത്തിനകം കെ ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇത് സംബന്ധിച്ച നോട്ടീസ് വിജിലന്‍സ് ഇന്ന് അയക്കും. ബാബുവിന്റെ മകള്‍ ആതിരയുടെ ബാങ്ക് ലോക്കര്‍ പരിശോധനയും ഇന്ന് തുടരും. ബാബുവിന്റെ പി എ യുടെ സ്വകാര്യ പണം ഇടപാടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

ബാബുവിന് തേനിയില്‍ ബിനാമി സ്വത്തുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണസംഘം ഉടന്‍ തേനിയിലേക്ക് പോകും. തേനിയിലെ ഭൂമിയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമുള്‍പ്പെടെ ഏഴു സംഘങ്ങളാണ് ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ബാബുവിന്റെ പിഎ നന്ദകുമാറിനെ ചോദ്യംചെയ്തിരുന്നു. ബാബുവിന്റെ മകളുടെ ബാങ്ക്ലോക്കറില്‍നിന്ന് വിജിലന്‍സ് സംഘം 117 പവന്‍ സ്വര്‍ണം കണ്ടെടുത്തു. സ്ത്രീധനമായി നല്‍കിയതെന്നുകരുതുന്ന ഈ സ്വര്‍ണം അനധികൃത സ്വത്തുസമ്പാദനക്കേസിലെ പ്രധാന തെളിവായി മാറും.

ബിനാമികളുടെ പേരില്‍ 41 സ്ഥലത്ത് ഭൂമി വാങ്ങിയതില്‍ 27 ഇടപാടുകള്‍ നടന്നത് 2011നുശേഷമാണെന്ന് വിജിലന്‍സ് കണ്ടെത്തി. പാലാരിവട്ടം വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ ബാങ്ക്ലോക്കറില്‍നിന്നാണ്് 25 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍  കണ്ടെടുത്തത്.  കഴിഞ്ഞദിവസം റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും പണവും സ്വര്‍ണവും മൂവാറ്റുപുഴ വിജിലന്‍സ്കോടതിയില്‍ ഹാജരാക്കി.

Advertisements

ബാബുവിന്റെ ബിനാമിയെന്നുസംശയിക്കുന്ന മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം നന്ദകുമാറിനെ എറണാകുളത്തെ വിജിലന്‍സ്ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ബാബുവിന്റെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത കോഴ നല്‍കിയവരുടെ പട്ടികയില്‍ ബാറുടമകള്‍ക്കു പുറമെ മറ്റ് നിരവധി ബിസിനസുകാരുമുള്ളതായി കണ്ടെത്തി.