KOYILANDY DIARY.COM

The Perfect News Portal

കെ എ ഭാനുപ്രകാശ് അന്തരിച്ചു

കൊച്ചി> സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല പത്രപ്രവര്‍ത്തകനുമായ കെ എ ഭാനുപ്രകാശ് അന്തരിച്ചു. 88 വയസ്സായിരുന്നു. മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യകാല വാണിജ്യ ലേഖകനാണ് ഭാനുപ്രകാശ്. മട്ടാഞ്ചേരിയില്‍ ദീനബന്ധു പത്രത്തിന്റെ വാണിജ്യ ലേഖകനായിരുന്നു. സാമൂഹ്യരംഗത്തും രാഷ്ട്രീയത്തിലും സജീവമായിരുന്ന ഭാനുപ്രകാശ് മട്ടാഞ്ചേരിയിലെ ആദ്യകാല തൊഴിലാളി സമൂഹം നേരിട്ടിരുന്ന നിരവധി ചൂഷണങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ എഴുതി.

മട്ടാഞ്ചേരിയില്‍ കെ.എസ്.അച്യുതന്റേയും കല്യാണിയുടേയും മകനായി 1929 സെപ്തംബര്‍ 25നാണ് ജനനം. ഹാജിഈസാ ഹൈസ്കൂളില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ജയിലിലായി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാനുപ്രകാശിന് വീണ്ടും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം ഒളിവില്‍ പോകേണ്ടിവന്നു.

1946ല്‍ വീണ്ടും അറസ്റ്റിലായി. 1952ലാണ് ദീനബന്ധുവിന്റെ ലേഖകനായി സജീവ പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. 1953ല്‍ തിരുകൊച്ചി വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയനില്‍ അംഗമായി. 1956ന്ശേഷം കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗമായി. എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപകാംഗമാണ്. 1963ല്‍ ദീനബന്ധു പൂട്ടിയപ്പോള്‍ മലയാള മനോരമയില്‍ ലേഖകനായി.

Advertisements

കാര്‍ഷിക വിപണിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അവലോകനങ്ങളും എഴുതിയിരുന്നു. കൊച്ചി കേന്ദ്രമായി കാര്‍ഷികവാണിജ്യ വാര്‍ത്താ എജന്‍സിയായ കൊച്ചി കോമേഴ്സ് ബ്യൂറോയുടെ സ്ഥാപകാംഗമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയ്ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആദരം നേടിയിട്ടുള്ള ഭാനുപ്രകാശിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് അധ്യാപിക പി ആര്‍ ലീലയാണ് ഭാര്യ. ലില്ലിബെറ്റ്, ഉദയഭാനു (ദേശാഭിമാനി വാണിജ്യകാര്യ ലേഖകന്‍ ), ലീബ കിഷോര്‍ എന്നിവര്‍ മക്കള്‍. എറണാകുളം ജില്ലയിലെ പള്ളുരുത്തി വെളിയില്‍ എസ്ഡിപിവൈ റോഡില്‍ ചിത്തിരയിലായിരുന്നു താമസം.

Share news

Leave a Reply

Your email address will not be published. Required fields are marked *