KOYILANDY DIARY

The Perfect News Portal

കെവിന്റെ കൊലപാതകം: മുഖ്യമന്ത്രിയുടെ പ്രതികരണം

കോട്ടയം:ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാന കൊലപാതകത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റക്കാരെ ഒരു കാരണവശാലും വെറുതെ വിടേണ്ടതില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടിക്ക് സുരക്ഷയൊരുക്കാന്‍ പോയതാണ് പരാതി അന്വേഷിക്കാന്‍ വൈകിയത് എന്ന് പൊലീസ് ന്യായത്തെ കുറിച്ച്‌ മുഖ്യമന്ത്രി പ്രതികരിച്ചത് മുഖ്യമന്ത്രിയുടെ യാത്രകള്‍ ഒരിക്കലും കേസന്വേഷണത്തിന് തടസ്സമാകേണ്ടതില്ലെന്നാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് പ്രത്യേക വിഭാഗമാണെന്നും അതുകൊണ്ട് തന്ന ഈ വിഷയത്തില്‍ പൊലീസ് പറയുന്നതിനെ മുഖ്യമന്ത്രി തള്ളിക്കളയുന്നു എന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍

അതിനിടെ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായിരിക്കുകയാണ്.പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.പരാതി നല്‍കിയ ഗാന്ധി നഗര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളും യുവമോര്‍ച്ചയും പ്രതിഷേധം തുടരുകയാണ്.

ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പൊലീസ് സ്വീകരിച്ചില്ല. ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പൊലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.

Advertisements

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *