കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.
കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്‌ആര്‍ടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

ഇന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടെന്ന് സര്‍ക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു.

