KOYILANDY DIARY

The Perfect News Portal

കൂടത്തായി സംഭവം ശാസ്ത്രീയപരമായി സങ്കീര്‍ണതകള്‍ നിറഞ്ഞ കേസാണെന്ന് ഡിജിപി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെയും കൂട്ടുപ്രതികളുടെയും തെളിവെടുപ്പ് തുടരുന്നു. കസ്റ്റഡിയിലുള്ള ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് രാവിലെ എസ്പി ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്തശേഷമാണ് പൊന്നാമറ്റത്തേക്കും പിന്നീട് മരിച്ച മാത്യുവിന്റെയും വീട്ടിലേക്ക് കൊണ്ടുപോയത്.

കൊലപാതകങ്ങള്‍ക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന നിഗമനത്തിലാണ് അന്വേഷണ സംഘം. കൂടത്തായി സംഭവം ശാസ്ത്രീയപരമായി സങ്കീര്‍ണതകള്‍ നിറഞ്ഞ കേസാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഇന്നോ നാളയോ സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, കുടുംബത്തിലെ ആറുമരണങ്ങളിലും പൊലീസ് പ്രത്യേകം കേസെടുത്തു. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ആറു കൊലപാതകങ്ങള്‍ നടത്തിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ ആറുകൊലപാതകങ്ങളിലും ജോളി കുറ്റമേറ്റതായി പറയുന്നു. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. മറ്റ് അഞ്ച് കേസുകളിലും ജോളിക്ക് സയ്നൈഡ് എത്തിച്ചു നല്‍കിയ മാത്യുവും കൂട്ടുപ്രതിയാണ്.

Advertisements

പൊന്നാംമറ്റം വീട്ടിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്. നാലാമതായി കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടിലും ആല്‍ഫൈന്‍ മരിച്ച ഷാജുവിന്റെ വീട്ടിലും സിലി മരിച്ച ഡെന്റല്‍ സെന്ററിലും തെളിവെടുക്കും. ജോളിയുടെ എന്‍ഐടി യാത്രകള്‍, വ്യാജരേഖ ചമയ്ക്കല്‍, ആറുപേരുടെ ദുരൂഹ മരണം, കോയമ്ബത്തൂര്‍ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എന്‍ഐടിയിലെ ബന്ധങ്ങളെക്കുറിച്ച്‌ പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കസ്റ്റഡി ആറു ദിവസം മാത്രമായതിനാല്‍ പരമാവധി വേഗത്തില്‍ തെളിവെടുക്കല്‍ പൂര്‍ത്തിയാക്കി അന്വേഷണം മുമ്ബോട്ട് കൊണ്ടുപോവാനാണ് ക്രൈംസംഘത്തിന്റെ തീരുമാനം. പ്രതികള്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നതായും എസ്പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *