KOYILANDY DIARY

The Perfect News Portal

കുണ്ടറ നാന്തിരിക്കലില്‍ പത്ത് വയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍

കൊട്ടാരക്കര : കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പിതാവ് വിക്ടര്‍ ഡാനിയേലി (ഞണ്ട് വിജയന്‍-62) നെയാണ് അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്.

2015 ഏപ്രില്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയാണെന്ന് ഇയാള്‍ സമ്മതിച്ചതായി റൂറല്‍ എസ്പി എസ് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ദിവസമായി അന്വേഷണസംഘം ഇയാളെ ചോദ്യംചെയ്ത് വരികയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയെ മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വിക്ടറിന്റെ ഭാര്യയുടെ മൊഴിയും സഹായകമായി.

മുത്തച്ഛന്‍ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം ആത്മഹത്യ ചെയ്ത കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മ ലതയോടും അമ്മ ഷീജയോടും പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

Advertisements

വക്കീല്‍ ഗുമസ്തനായിരുന്ന വിക്ടര്‍ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റിയാണ്. മകളുടെ വീടിനടുത്ത് വീട് വാങ്ങി വിക്ടറും ഭാര്യയും താമസിക്കുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവ് ജോസ് മക്കളെ പീഡിപ്പിക്കുന്നുവെന്ന് ഷീജ കുണ്ടറ സിഐയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന്, മക്കളും ഷീജയും വിക്ടറിന്റെ വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ വച്ച് വിക്ടര്‍ കുട്ടിയെ പീഡിപ്പിച്ചു. ഇതോടെ ഷീജ മക്കളെയും കൂട്ടി  സ്വന്തം വീട്ടിലേക്ക് തന്നെ വന്നു. എന്നാല്‍, അവിടെ എത്തിയും വിക്ടര്‍ പീഡനം തുടര്‍ന്നു. ജനുവരി 15ന് ഉച്ചയോടെ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ലോക്കല്‍ പൊലീസ് ആത്മഹത്യയെന്ന നിലയിലാണ് കേസ് അന്വേഷിച്ചത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ജോസ് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ സിഐ ആര്‍  ഷാബു, എസ്ഐ രജീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി എസ് സുരേന്ദ്രന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ആറ് സിഐമാരും 10 എസ്ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

വിക്ടര്‍ തുടക്കത്തില്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. ഇയാളുടെ ഭീഷണി കാരണം ബന്ധുക്കള്‍ വിവരം പുറത്തുപറഞ്ഞില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പോക്സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ത്തുമാണ് കേസ്. സംഭവത്തില്‍ മറ്റ് പ്രതികളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കത്തെഴുതിയത് പെണ്‍കുട്ടി തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. പ്രതിയെ തിങ്കളാഴ്ച കൊല്ലം കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *