KOYILANDY DIARY

The Perfect News Portal

കുട്ടിമാക്കൂലിലെ മഹിളാ കോണ്‍ഗ്രസുകാരിയുടെ ആത്മഹത്യാശ്രമo; കോണ്‍ഗ്രസ് നേതൃത്വo  നിലപാട് തിരുത്തണം 

തലശേരി > കുട്ടിമാക്കൂലിലെ മഹിളാ കോണ്‍ഗ്രസുകാരിയുടെ ആത്മഹത്യാശ്രമത്തെയടക്കം രാഷ്ട്രീയവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി അണികള്‍. അതിരുവിട്ട കളി അപകടമാകുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. കുട്ടിമാക്കൂലില്‍ ഒരു തരത്തിലുള്ള പീഡനവുമില്ലെന്നും പരിഹരിക്കാവുന്ന രാഷ്ട്രീയപ്രശ്നമേയുള്ളൂവെന്നും അറിയുന്നവരാണ് ഇവര്‍.

കുട്ടിമാക്കൂലിലെ യുവതിയുടെ ജീവനെങ്കിലും ബാക്കിവയ്ക്കണമെന്നാണ് ഒരു വനിതാ നേതാവ് രോഷത്തോടെ കെ സുധാകരനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി എന്‍ രാജനെയും കുടുംബത്തെയും തലശേരിയിലെ കോണ്‍ഗ്രസുകാര്‍ക്ക് നന്നായി അറിയാം. കെപിസിസി അംഗം വി എന്‍ ജയരാജന്റെ അയല്‍ക്കാരാണ്. ഒരു പീഡനവും കുട്ടിമാക്കൂലിലുണ്ടായില്ലെന്ന് നന്നായി അറിയാവുന്ന നേതാവ്. പരസ്യപ്രതികരണത്തിന് തയ്യാറാകുന്നില്ലെന്നുമാത്രം.

കോണ്‍ഗ്രസുകാരില്‍നിന്നാണ് രാജന് ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളതെന്ന് മറ്റൊരു നേതാവ് വെളിപ്പെടുത്തി. മുന്‍ കൌണ്‍സിലറുടെ തന്തക്ക് വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് പൊതിരെ കിട്ടിയത്. ഇത്തരം നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സിപിഐ എം വിരുദ്ധ പ്രസ്താവനയിലും പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലും കടുത്ത മത്സരമാണ് സംസ്ഥാന കോണ്‍ഗ്രസില്‍. സംസ്ഥാന അധ്യക്ഷന്‍ വി എം സുധീരന്‍ രണ്ടു തവണ തലശേരിയിലെത്തി. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തങ്ങളുടെ റോള്‍ അഭിനയിച്ചു മടങ്ങി. മുതലെടുക്കാന്‍ ബിജെപി രംഗത്തിറങ്ങിയെങ്കിലും ക്ളച്ച് പിടിച്ചില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കാണാന്‍ വരുമെന്ന് വിശ്വസിപ്പിച്ച് കുട്ടിമാക്കൂലിലെ കുടുംബത്തെ കെപിസിസി നേതൃത്വം കബളിപ്പിച്ചതും ചര്‍ച്ചയായി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വരുമെന്ന് ആരുപറഞ്ഞുവെന്നാണ് ചൊവ്വാഴ്ച തലശേരിയിലെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മാധ്യമങ്ങളോട് ചോദിച്ചത്.