KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ സൗജന്യ തൊഴില്‍മേളയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

കല്‍പ്പറ്റ: ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ കുടുംബശ്രീ സൗജന്യ തൊഴില്‍മേളയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന തൊഴില്‍ മേളയില്‍ 36 കമ്ബനികളും 1500 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു.

പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ തത്സമയ അഭിമുഖത്തിലൂടെ 500 പേരുടെ സാധ്യതാ പട്ടിക വിവിധ കമ്ബനികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ നിന്നുമാണ് മികച്ച ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അഞ്ചാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കാണ് മേളയിലൂടെ അവസരം ലഭിച്ചത്. തൊഴില്‍ അന്വേഷകരായ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ അവസരമാണ് ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം കുടുംബശ്രീ നല്‍കിയത്.

ആദിത്യ ബിര്‍ള, വൈത്തിരി റിസോര്‍ട്ട്, കാരാപ്പുഴ വില്ലേജ് റിസോര്‍ട്ട്, വില്‍ട്ടണ്‍, ഗ്രേറ്റ് ജൂബിലി, എയിംഫില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇ.വി.എം മോട്ടോഴ്‌സ്, പ്രീതി സില്‍ക്‌സ് തുടങ്ങി ജില്ലക്കകത്തും പുറത്തുമായുള്ള നാല്‍പതോളം കമ്ബനികളാണ് മേളയില്‍ പങ്കെടുത്തത്.ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കുന്നതിനോടൊപ്പം ജില്ലയിലെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍മേളകളടക്കമുള്ള വിവിധ ഇടപെടലുകളിലൂടെ തൊഴില്‍ ലഭ്യമാക്കി നല്‍കുന്നതും ഈ പദ്ധതിയുടെ സവിശേഷതയാണ്. എസ്.ടി മേഖലയില്‍ നിന്നും നിരവധി കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതു വഴി ഈ മേഖലയിലെ സാമൂഹിക ഉന്നമനത്തിനും കൂടി കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ ലക്ഷ്യം വെക്കുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *