KOYILANDY DIARY.COM

The Perfect News Portal

കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ല

കണ്ണൂര്‍: ദേശീയപാതയുടെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ല. ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ കടന്നുപോകുമെന്ന് വ്യക്തമാക്കുന്ന അന്തിമ  വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3) വിജ്ഞാപനമാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. രേഖകളുമായി ഉടമകള്‍ ഹാജാരാകാനാണ് നിര്‍ദ്ദേശം. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം.

ബദല്‍ പാതകള്‍ക്കായുള്ള സാധ്യത പരിഗണിക്കല്‍ ഒരു ഘട്ടം വരെ എത്തിയ ശേഷമാണ് കേന്ദ്രം പഴയ അലൈന്‍മെന്‍റ് നടപടികളുമായി മുന്നോട്ട് പോകുന്നത്. വിജ്ഞാപനം മരവിപ്പിക്കുമെന്ന് നേരത്തെ പ്രദേശവാസികള്‍ക്ക് ബിജെപി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ വാക്കുകളും പാഴായിരിക്കുകയാണ്.

കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ പ്രാദേശിക കൂട്ടായ്മയായ ‘വയല്‍ക്കിളികള്‍’ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പ്രതിഷേധത്തിന് പിന്തുണയുമായി ബി ജെ പിയും രംഗത്തെത്തി. വിജ്ഞാപനം മരവിപ്പിക്കുമെന്നായിരുന്നു ബി ജെ പി നിലപാട് സ്വീകരിച്ചിരുന്നത്.

Advertisements

തുടര്‍ന്ന് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തെത്തിയ സമയത്ത് വയല്‍ക്കിളി സമരസമിതി നേതാക്കളായ മമ്ബറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബി ജെ പി സംഘം ഡല്‍ഹിയിലെത്തിച്ചു. ഇവരും ബി ജെ പി നേതാക്കളും ഉള്‍പ്പെട്ട സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുകയും ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ അന്തിമവിജ്ഞാപനം വന്നതോടെ വയല്‍ക്കിളികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാഴാവുകയായിരുന്നു. വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈന്‍മെന്‍റ് പുതുക്കണമെന്ന വയല്‍ക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച്‌ കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യത തേടാന്‍ പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

 

അന്തിമ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വയല്‍ക്കിളികള്‍ ഇനി സമരം നടത്താന്‍ സാധ്യതയില്ലെന്ന സൂചനയുണ്ട്. ചൊവ്വാഴ്ച വൈകീട്ട് സമരസമിതി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. നേരത്തെ വയല്‍ക്കിളികള്‍ നടത്തിയ സമരത്തോട് സിപിഎം മുഖംതിരിച്ചിരുന്നു. എന്നാല്‍ ഈ വേളയില്‍ സമരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ബിജെപി ശ്രമിക്കുകയും ചെയ്തിരുന്നു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *